ആലപ്പുഴയെ ഇളക്കിമറിച്ച് ഭാരത് ജോഡോ യാത്രയുടെ രണ്ടാം ദിനം; രാഹുല്‍ ഗാന്ധിയെ കാണാന്‍ ആബാലവൃദ്ധം ജനങ്ങള്‍

ആലപ്പുഴ/ഒറ്റപ്പന: കേന്ദ്ര സർക്കാരിന്‍റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയും ബിജെപിയുടെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കുമെതിരെ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് രണ്ടാം ദിനവും
ആലപ്പുഴ ജില്ലയിൽ ആവേശകരമായ വരവേൽപ്പ്. ആലപ്പുഴ ജില്ലയിലെ പര്യടനത്തിന്‍റെ രണ്ടാം ദിനത്തിലെ ആദ്യ ഘട്ടം ഹരിപ്പാട് ഗാന്ധി പാർക്കിൽ നിന്ന് ആരംഭിച്ച് പുറക്കാട് ഒറ്റപ്പന ജംഗ്ഷനിൽ സമാപിച്ചു.

ഇന്ത്യൻ രാഷ്ട്രീയത്തിൽ പുതു ചരിത്രമെഴുതി രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ആലപ്പുഴ ജില്ലയിലെ പ്രയാണം തുടരുകയാണ്.  11-ാം ദിവസത്തിലേക്ക് കടന്ന യാത്ര ആലപ്പുഴയുടെ മണ്ണില്‍ ആവേശത്തിന്‍റെ തീജ്വാല പടർത്തി മുന്നേറുകയാണ്. ആലപ്പുഴയിൽ പ്രയാണം തുടരുന്ന യാത്രയ്ക്ക് വൻ വരവേൽപ്പാണ് എങ്ങും ലഭിക്കുന്നത്. യാത്ര ഒരു ചരിത്ര വിജയമായി മുന്നേറുകയാണെന്നും വിമർശനങ്ങൾ യാത്രയുടെ ജനപിന്തുണ വർധിപ്പിക്കുകയാണെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു.

കലാരൂപങ്ങളും വാദ്യമേളങ്ങളുമായി വൻ വരവേൽപ്പ് ആണ് യാത്ര കടന്നുപോകുന്ന വഴികളിലെല്ലാം ലഭിക്കുന്നത്. പ്രായഭേദമെന്യേ ആയിരങ്ങളാണ് രാഹുല്‍ ഗാന്ധിയെ കാണാനും അഭിവാദ്യം അര്‍പ്പിക്കാനുമായി പാതയോരങ്ങളില്‍ കാത്തുനില്‍ക്കുന്നത്. ജനതയുടെ ആശങ്കകളും പരാതികളും കേള്‍ക്കാനും അദ്ദേഹം സമയം കണ്ടെത്തുന്നുണ്ട്. യാത്രയ്ക്കിടെ ലഭിക്കുന്ന സമയം സമൂഹത്തിന്‍റെ നാനാതുറകളിലുള്ളവരുമായി സംവദിക്കാനും അവരുടെ പ്രശ്നങ്ങള്‍ മനസിലാക്കാനും അവയ്ക്ക് പരിഹാരം കാണാനുമാണ് രാഹുല്‍ ഗാന്ധി ശ്രമിക്കുന്നത്. വൈകിട്ട് കുരൂട്ടൂരില്‍ നിന്ന് ആരംഭിക്കുന്ന യാത്രയുടെ രണ്ടാം ഘട്ടം രാത്രി എഴരയ്ക്ക് ടി.ഡി മെഡിക്കല്‍ കോളേജില്‍ സമാപിക്കും. കാർമല്‍ എന്‍ജിനീയറിംഗ് കോളേജിലാണ് രാത്രി വിശ്രമം.

എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണു ​ഗോപാൽ എംപി, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, രമേശ് ചെന്നിത്തല എംഎൽഎ, എംപിമാരായ കൊടിക്കുന്നില്‍ സുരേഷ്, കെ മുരളീധരൻ, പി.സി വിഷ്ണുനാഥ് എംഎൽഎ, വി.ടി ബൽറാം തുടങ്ങിയവർ രാഹുൽ ഗാന്ധിക്കൊപ്പം പദയാത്രയെ അനുഗമിക്കുന്നുണ്ട്.

 

 

 

Comments (0)
Add Comment