ആലപ്പുഴയെ മൂവർണ്ണക്കടലാക്കി ഭാരത് ജോഡോ; ഇന്നത്തെ യാത്രയുടെ ആദ്യ ഘട്ടം കുത്തിയതോട് സമാപിച്ചു

Jaihind Webdesk
Tuesday, September 20, 2022

 

ആലപ്പുഴ/കുത്തിയതോട്: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പതിമൂന്നാം ദിവസത്തെ പര്യടനത്തിന്‍റെ ആദ്യ പാദം രാവിലെ ചേർത്തല എക്സറേ ജംഗ്ഷനിൽ നിന്നാരംഭിച്ച് കുത്തിയതോട് അവസാനിച്ചു. യാത്ര ഇന്ന് വൈകിട്ടോടെ ആലപ്പുഴ ജില്ലയിലെ പര്യടനം പൂർത്തിയാക്കും.

ചരിത്രത്താളുകളിൽ നിരവധി പ്രക്ഷോഭങ്ങളും വിപ്ലവ പോരാട്ടങ്ങളും അടയാളപ്പെടുത്തിയ കേരളത്തിലെ ഏറ്റവും ജനസാന്ദ്രതയേറിയ ജില്ലയായ ആലപ്പുഴയിൽ പുതിയ ചരിത്രം രചിച്ചാണ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര പര്യടനം തുടരുന്നത്. വിശാലമായ അറബിക്കടലിന് ഓരത്ത് മറ്റൊരു ത്രിവർണ്ണ സാഗരം തീർത്താണ് ഭാരത് ജോഡോ യാത്രയുടെ ആലപ്പുഴ ജില്ലയിലെ പര്യടനത്തിന് ഇന്ന് സമാപനം കുറിക്കുന്നത്.

രാവിലെ വേമ്പനാട് കായലിന്‍റെ ഓളപ്പരപ്പിന് സമാന്തരമായി ജനമനസുകളിൽ പ്രത്യാശയുടെയും പ്രതീക്ഷയുടെയും പുതിയ രാഷ്ട്രീയം എഴുതി ചേർത്താണ് യാത്ര ചേർത്തല എക്സറേ കവലയിൽ നിന്നും പ്രയാണം തുടങ്ങിയത്. യാത്രയുടെ വൻ ജനപിന്തുണ കോൺഗ്രസിന്റെ തിരിച്ചുവരവിന് വഴിയൊരുക്കുമെന്നും വിലക്കയറ്റത്തിലും തൊഴിലില്ലായ്മയിലും നട്ടംതിരിയുന്ന ജനത്തിന് ആശ്വാസമായി മാറുമെന്നും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

ന്യൂനപക്ഷ സംരക്ഷകർ തങ്ങളാണെന്ന സിപിഎമ്മിന്‍റെ വാദം ഭാരത് ജോഡോ യാത്ര ജനങ്ങൾ നെഞ്ചേറ്റിയതോടെ പൊളിഞ്ഞിരിക്കുകയാണെന്ന് യാത്രാംഗമായ കെ മുരളീധരൻ എം.പി പറഞ്ഞു. രാഹുൽ ഗാന്ധിയേയും ഭാരത് ജോഡോ യാത്രയേയും ജനങ്ങൾ ഹൃദയത്തിലേറ്റടുത്തെന്നും യാത്ര കശ്മീരിൽ അവസാനിക്കുമ്പോൾ അത് ഇന്ത്യൻ രാഷ്ട്രീയത്തിലെ പുതിയ അധ്യായമായിരിക്കുമെന്നും യാത്രയുടെ കേരളത്തിലെ കോർഡിനേറ്ററായ കൊടിക്കുന്നിൽ സുരേഷ് എം.പി അഭിപ്രായപ്പെട്ടു. എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, എംപിമാർ, എംഎൽഎമാർ കെപിസിസി-ഡിസിസി ഭാരവാഹികൾ തുടങ്ങിയവർ യാത്രയിൽ പങ്കാളികളായി.