ഇന്ത്യയെ ഒന്നിപ്പിക്കാന്‍ രാഹുല്‍… ഭാരത് ജോഡോ യാത്ര 100-ാം ദിവസം; ഐക്യത്തിന്‍റെ മഹാമുന്നേറ്റം

ജയ്പുർ/രാജസ്ഥാന്‍: ഒരുമിക്കുന്ന ചുവടുകൾ, ഒന്നാകുന്ന രാജ്യം എന്ന സന്ദേശം ഉയർത്തി ഇന്ത്യൻ ജനതയ്ക്ക് ആവേശവും ആശയും പകർന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര 100-ാം ദിവസത്തില്‍. ആവേശോജ്വല സ്വീകരണം ഏറ്റുവാങ്ങി 8 സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച യാത്ര നിലവിൽ രാജസ്ഥാനിലെ ദൗസയിൽ പര്യടനം തുടരുകയാണ്. ജാഥ സമാപിക്കുന്ന കശ്മീരിലെ ശ്രീനഗറിലെത്താൻ 737 കിലോമീറ്റർ മാത്രമാണ് ബാക്കിയുള്ളത്. 150 ദിവസങ്ങൾ കൊണ്ട് 3,750 കിലോമീറ്റർ താണ്ടിയാണ് ജമ്മു-കശ്മീരിലെത്തുക.

ഇന്ത്യയെ കണ്ടെത്തുകയാണ് ജവഹർലാൽ നെഹ്റു ചെയ്തതെങ്കിൽ ഇന്ത്യയെ കേൾക്കുന്നതിനാണ് തന്‍റെ ശ്രമമെന്ന പ്രഖ്യാപനത്തോടെയാണ് രാഹുൽ ഗാന്ധി വെറുപ്പിന്‍റെ രാഷ്ട്രീയത്തിനെതിരെ ഇന്ത്യയെ ഒന്നിപ്പിക്കുക എന്ന മുദ്രാവാക്യം ഉയർത്തി, പിതാവ് രാജീവ് ഗാന്ധി രക്തസാക്ഷിത്വം വരിച്ച ശ്രീപെരുമ്പത്തൂരിൽ പ്രാർത്ഥന നടത്തിയ ശേഷം തമിഴ്നാട്ടിലെ കന്യാകുമാരിയിൽ നിന്ന് ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. കഴിഞ്ഞ സെപ്റ്റംബർ 7 നാണ് യാത്ര ആരംഭിച്ചത്.

കഴിഞ്ഞ 8 വർഷത്തിനിടെ രാജ്യം എല്ലാ മേഖലയിലും പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിലാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പദയാത്ര നടത്താൻ കോൺഗ്രസ് തീരുമാനിച്ചത്. നൂറ് ദിവസം കൊണ്ട് ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയാണ് രാഹുലിന്‍റെ യാത്ര മുന്നോട്ട് പോകുന്നത്. ജീവിതത്തിന്‍റെ നാനാതുറകളിലുള്ളവർ അദ്ദേഹത്തോടൊപ്പം യാത്രയിൽ ആവേശത്തോടെ അണിചേരുന്നു. കുട്ടികളും യുവാക്കളും മുതൽ വിവിധ പ്രതിപക്ഷ നേതാക്കളും സെലിബ്രിറ്റികളും രാഹുല്‍ ഗാന്ധിക്കും യാത്രയ്ക്കും പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു.

മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ, ബോളിവുഡ് താരം സ്വര ഭാസ്കർ, സാമൂഹിക പ്രവർത്തകൻ ഹർഷ് മന്ദർ, ഐഐടി ഡൽഹി മുൻ പ്രൊഫസർ വിപിൻ കുമാർ ത്രിപാഠി, ഫിലിം ഡയറക്ടർ ഒനീർ, കവിയും തിയേറ്റർ ആർട്ടിസ്റ്റുമായ അക്ഷയ് ഷിംപി, സംവിധായകനും എഴുത്തുകാരിയുമായ സന്ധ്യ ഗോഖലെ, നടനും സംവിധായകനുമായ അമുൽ പലേക്കർ, രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ പേരക്കുട്ടിയും എഴുത്തുകാരനുമായ തുഷാർ ഗാന്ധി, മനുഷ്യാവകാശ പ്രവർത്തക മേധാ പട്കർ, ശിവസേന നേതാവ് ആദിത്യ താക്കറെ, എൻസിപി നേതാവ് സുപ്രിയ സുലെ, അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷൺ, രോഹിത് വെമുലയുടെ അമ്മ രാധിക വെമുല, ഗൗരി ലങ്കേഷിന്‍റെ സഹോദരി കവിത, മാതാവ് ഇന്ദിരാ ലങ്കേഷ് തുടങ്ങി ഒരു നീണ്ട നിര രാഹുലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പദയാത്രയിൽ ഇതിനോടകം അണിചേർന്നു കഴിഞ്ഞു. ഗ്രാമങ്ങളും നഗരങ്ങളും താണ്ടിയാണ് രാഹുലിന്‍റെ യാത്ര രാജസ്ഥാനിൽ എത്തിയത്. പദയാത്രയിൽ തന്നെ ഒരു നോക്ക് കാണാനെത്തുന്ന ജനക്കൂട്ടത്തെ ഹൃദയാഭിവാദ്യം ചെയ്താണ് രാഹുൽ ഓരോ ചുവടും മുന്നോട്ടുവെക്കുന്നത്

വിലക്കയറ്റം, തൊഴിലില്ലായ്മ, വർധിച്ചു വരുന്ന സാമൂഹിക പ്രശ്നങ്ങൾ, ജനാധിപത്യ ധ്വംസനം തുടങ്ങി രാഹുൽ മുന്നോട്ട് വെച്ച കാലിക പ്രസക്തമായ വിഷയങ്ങൾ രാജ്യത്തെ ജനങ്ങളിൽ വലിയ സ്വാധീനമാണ് ചെലുത്തുന്നത്. തമിഴ്നാടും, കേരളവും, കർണ്ണാടകയും, തെലുങ്കാനയും, ആന്ധ്രാപ്രദേശും, മഹാരാഷ്ട്രയും, മധ്യപ്രദേശും പിന്നിട്ട് യാത്ര 100-ാം ദിനത്തിൽ രാജസ്ഥാനിൽ പര്യടനം തുടരുകയാണ്. തുടർന്ന് ഉത്തർപ്രദേശ്, ഡൽഹി, പഞ്ചാബ്, ഹരിയാന എന്നി സംസ്ഥാനങ്ങൾ കൂടി പിന്നീട്ട് പദയാത്ര ജമ്മുവിലെ ശ്രീനഗറിൽ അവസാനിക്കുമ്പോൾ രാഹുൽ രചിക്കുക ഒരു പുതു ചരിത്രമാകും എന്ന് നിസംശയം പറയാം.

 

 

Comments (0)
Add Comment