പുന്നമടക്കായലില്‍ ആവേശത്തുഴയെറിഞ്ഞ് രാഹുല്‍ ഗാന്ധി; ടൂറിസം മേഖലയിലെ പ്രശ്നങ്ങള്‍ ചോദിച്ചറിഞ്ഞു; ഇടപെടലുകള്‍ നടത്തുമെന്ന് ഉറപ്പ്

Jaihind Webdesk
Monday, September 19, 2022

ആലപ്പുഴ: പുന്നമടക്കായലിന്‍റെ ഓളപ്പരപ്പില്‍ ആവേശത്തുഴയെറിഞ്ഞ് രാഹുല്‍ ഗാന്ധി. ഭാരത് ജോഡോ യാത്രയുടെ ഇടവേളയിലാണ് ആലപ്പുഴയുടെ ടൂറിസം മേഖലയുടെ പ്രശ്നങ്ങള്‍ മനസിലാക്കാനും ഒപ്പം കായല്‍ ഭംഗി ആസ്വദിക്കാനുമായി രാഹുല്‍ ഗാന്ധി എത്തിയത്.

ആലപ്പുഴ പുന്നമടക്കായലിൽ നെഹ്റു ട്രോഫി ജലോത്സവം നടക്കുന്ന നെട്ടായത്തിലൂടെ ഹൗസ് ബോട്ടിൽ സഞ്ചരിച്ച് അദ്ദേഹം കേരളത്തിന്‍റെ കായൽ ഭം​ഗി മതിയാവോളം ആസ്വദിച്ചു. ഒപ്പം കേരള ടൂറിസം നേരിടുന്ന വെല്ലുവിളികളും പരിഹാരമാർ​ഗങ്ങളും ഹൗസ് ബോട്ട് ഓപ്പറേറ്റേഴ്സുമായി പങ്കുവച്ചു. രാവിലത്തെ പദയാത്രയ്ക്കുശേഷമാണ് പുന്നമടക്കായലിലേക്ക് രാഹുല്‍ ഗാന്ധി എത്തിയത്. രാവിലെ 11 മണിയോടെ ആലപ്പുഴ ഫിനിഷിംഗ് പോയിന്‍റിൽ നിന്നും ‘ബേ പ്രൈഡ്’ ഹൗസ് ബോട്ടിലായിരുന്നു യാത്ര. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപലും യാത്രയുടെ സംസ്ഥാന കോർഡിനേറ്റർ കൊടിക്കുന്നിൽ സുരേഷ് എംപിയും ഹൗസ് ബോട്ട് യാത്രയിൽ രാഹുല്‍ ഗാന്ധിക്കൊപ്പം ഉണ്ടായിരുന്നു.

ചാവറ പള്ളിക്ക് സമീപം വരെയെത്തിയ രാഹുല്‍ ഗാന്ധി മടക്കയാത്രയിൽ ടൂറിസം മേഖലയുമായി ബന്ധപ്പെട്ട വിവിധ സംഘടനകളുടെ നേതൃത്വത്തിലുള്ളവരുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തെ ടൂറിസം മേഖല നേരിടുന്ന വെല്ലുവിളികൾ അവർ അദ്ദേഹത്തെ ധരിപ്പിച്ചു. അരമണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയില്‍ ടൂറിസം മേഖലയിലെ പ്രശ്നങ്ങളെല്ലാം ചർച്ചയായി. കൊവിഡ് മഹാമാരിയിലെ അടച്ചുപൂട്ടലിനു ശേഷം തുറന്നപ്പോൾ ഈ മേഖലയിലെ നല്ലൊരു ശതമാനം ആളുകളുടെയും ജോലി നഷ്ടമായി. ടൂറിസം മേഖലയിൽ നേരിട്ടും അല്ലാതെയും 15 ലക്ഷത്തോളം തൊഴിലാളികൾ സംസ്ഥാനത്തുണ്ട്. അവരിൽ നല്ലൊരു ശതമാനം പേരും ദുരിതത്തിലാണ്. ചിലരാകട്ടെ ആത്മഹത്യയുടെ വക്കിലാണ്. റിയാസ് അഹമ്മദ്, ഇ.എം നജീബ്, യു.സി റിയാസ്, ജോർജ് ഡൊമനിക്, സജീവ് കുറുപ്പ്, കെ.എൻ ശാസ്ത്രി, ബിജി ഈപ്പൻ, ജെയിംസ് കൊടിന്തറ, സെജോ ജോസി, ജിഹാദ് ഹുസൈൻ, ശിവദത്തൻ, ജോബിൻ, ടോമി പുളിക്കാട്ടിൽ, രാകേഷ്, ശരത് വത്സരാജ്, വഞ്ചീശ്വരൻ എന്നിവരാണ് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയത്.

തുടർന്ന് സംസാരിച്ച രാഹുൽ ഗാന്ധി കേരളത്തിന്‍റെ ടൂറിസം മേഖല രാജ്യത്തിനും ലോകത്തിന് തന്നെയും അഭിമാനമായി മാറണമെന്ന് പറഞ്ഞു. കൂടുതൽ വിദേശികളെ സംസ്ഥാനത്തേക്ക് ആകർഷിക്കാൻ കഴിയണം. നവീനമായ കാഴ്ചപ്പാടുകൾ മേഖലയിൽ ഉണ്ടാകണം. കൊവിഡാനന്തര പ്രശ്നങ്ങൾ പിന്തുടരുന്ന മേഖലയെ സഹായിക്കുവാൻ പാർലമെന്‍റിനുള്ളിൽ വേണ്ട ഇടപെടലുകൾ നടത്തുമെന്ന് ഉറപ്പുനൽകിയാണ് കൂടിക്കാഴ്ച പിരിഞ്ഞത്. രാഹുൽ ഗാന്ധിക്കൊപ്പമുള്ള യാത്രയും ചർച്ചയും വേറിട്ട അനുഭവമായിരുന്നുവെന്നും പ്രതീക്ഷ നൽകുന്നതാണെന്നും പ്രതിനിധികൾ പ്രതികരിച്ചു. കൂടിക്കാഴ്ചയിൽ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, ഭാരത് ജോഡോ പദയാത്രയുടെ സംസ്ഥാന കോർഡിനേറ്റർ കൊടിക്കുന്നിൽ സുരേഷ് എംപി, എംഎല്‍എമാരായ പി.സി വിഷ്ണുനാഥ് എ.പി അനിൽകുമാർ തുടങ്ങിയവരും പങ്കെടുത്തു.