മലപ്പുറത്തെ ജനസാഗരമാക്കി ഭാരത് ജോഡോ പദയാത്ര; ഒപ്പം ചേർന്ന് രമേഷ് പിഷാരടി

മലപ്പുറം/പാണ്ടിക്കാട്: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്ര മലപ്പുറം ജില്ലയിലെ രണ്ടാം ദിവസത്തെ പര്യടനത്തിന്‍റെ ഒന്നാം ഘട്ടം പൂർത്തിയായി. രാവിലെ 6.30 ഓടെ പാണ്ടിക്കാട് നിന്നാരംഭിച്ച യാത്ര വണ്ടൂർ സമാപിച്ചു. ഉച്ചയ്ക്ക് ശേഷം വണ്ടൂരിൽ നിന്നും നിലമ്പൂർ വരെ 10 കിമീ ദൂരമാണ് പദയാത്ര സഞ്ചരിക്കുക. ചലച്ചിത്ര താരവും അവതാരകനുമായ രമേഷ് പിഷാരടിയും ഇന്നു രാവിലെ യാത്രയിൽ പങ്കാളിയായി.

പാണ്ടിക്കാട് നിന്നാരംഭിച്ച പദയാത്രയിൽ ആയിരങ്ങൾ അണിചേർന്നു. പാണ്ടിക്കാട്ട് നിന്നു യാത്ര തുടങ്ങി അധികം വൈകാതെ പിഷാരടിയെത്തി. ഹർഷാരവത്തോടെയാണ് യാത്രികരും പ്രവർത്തകരും അദ്ദേഹത്തെ വരവേറ്റത്. രാഹുൽ ​ഗാന്ധിയോടൊപ്പം ഒരു കിലോമീറ്ററോളം ദൂരം പിഷാരടിയും നടന്നു. രാഹുലുമായി കുശലം പറഞ്ഞും പദയാത്രയ്ക്ക് വിജയാശംസകൾ നേർന്നും പിഷാരടി അരമണിക്കൂറോളം യാത്രയിൽ പങ്കാളിയായി.

രാഹുൽ ഗാന്ധിക്കൊപ്പം നേതാക്കളായ കെ.സി വേണുഗോപാല്‍ എംപി, വി.ഡി സതീശൻ, രമേശ് ചെന്നിത്തല, കെ മുരളീധരൻ, എം.എം ഹസൻ, കൊടിക്കുന്നിൽ സുരേഷ്, രാജ് മോഹൻ ഉണ്ണിത്താൻ, എം.കെ രാഘവൻ, ടി സിദ്ദിഖ്, പി.സി വിഷ്ണുനാഥ്, ഷാഫി പറമ്പിൽ, വി.എസ് ജോയ്, എ.പി അനിൽകുമാർ തുടങ്ങി നിരവധി നേതാക്കൾ യാത്രയിലുടനീളം പങ്കെടുത്തു. വയനാട് പാർലമെന്‍റതിർത്തിയായ കാക്കത്തോട് പാലത്തിൽ ഗംഭീര സ്വീകരണമാണ് യാത്രയ്ക്ക് നൽകിയത്. നാടൻ കലാരൂപങ്ങളടക്കം ഒരുക്കി വയനാട് മണ്ഡലത്തിലേക്ക് ഹൃദ്യമായ സ്വീകരണമാണ് കോൺഗ്രസ് പ്രവർത്തകർ രാഹുൽ ഗാന്ധിക്ക് ഒരുക്കിയിരുന്നത്. കലാകാരൻമാർ രാഹുല്‍ ഗാന്ധിക്കൊപ്പം ചിത്രങ്ങളെടുത്തു.

ചെറുകോട്, പോരൂർ, അയനിക്കോട്, മരാട്ടപ്പടി, ചെട്ടിയിറമ്മൽ പിന്നിട്ട് യാത്ര ഒമ്പതരയോടെ വണ്ടൂരിൽ സമാപിച്ചു. ഉച്ചയ്ക്ക് ശേഷം 5 മണിക്ക് വണ്ടൂരിൽ നിന്നും – നിലമ്പൂരിലേക്ക് 9 കിലോമീറ്റർ ദൂരം പദയാത്ര സഞ്ചരിക്കും. രാത്രി ഏഴിന് നിലമ്പൂരിലാണ് സമാപനം. അമൽ കോളേജ് ക്യാമ്പസിൽ രാത്രി വിശ്രമിക്കും. അന്തരിച്ച മുതിർന്ന നേതാവ് ആര്യാടൻ മുഹമ്മദിന്‍റെ സ്മരണ പുതുക്കിയാണ് മലപ്പുറത്തെ ഓരോ ചുവടും നീങ്ങുന്നത്. വൈകുന്നേരം നിലമ്പൂരിലെ സമാപനസമ്മേളനത്തിലും മലപ്പുറത്തിന്‍റെ പ്രിയനേതാവ് ആര്യാടനെ അനുസ്മരിക്കും.

Comments (0)
Add Comment