ആവേശമായി രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര; പര്യടനം ഇന്ന് ഝാർഖണ്ഡിലൂടെ

Friday, February 2, 2024

 

ന്യൂഡല്‍ഹി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര 20-ാം ദിവസത്തിലേക്ക്. പശ്ചിമബംഗാളിലൂടെ അഞ്ചു ദിവസം പൂർത്തിയാക്കിയ യാത്ര ഇന്ന് ഝാർഖണ്ഡിലേക്ക് പ്രവേശിക്കും. കഴിഞ്ഞ നാലു ദിവസങ്ങളിലും വന്‍ ജനപിന്തുണയാണ് പശ്ചിമബംഗാളിൽ ന്യായ് യാത്രയ്ക്ക് ലഭിച്ചത്. ഇന്ന് വൈകിട്ടോടുകൂടി പശ്ചിമബംഗാളിൽ നിന്ന് ഝാർഖണ്ഡിലേക്ക് യാത്ര പ്രവേശിക്കും. ബിജെപിയുടെയും സംഘപരിവാറിന്‍റെയും രാഷ്ട്രീയ തന്ത്രങ്ങളെ അതിജീവിച്ച ന്യായ് യാത്ര ജനഹൃദയങ്ങളിലൂടെ മുന്നേറുകയാണ്.

അഴിമതി കേസിൽ ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ ഇഡി അറസ്റ്റ് ചെയ്ത് അടക്കമുള്ള കാര്യങ്ങൾ രാഹുൽ ഗാന്ധിയുടെ പ്രസംഗങ്ങളിൽ ചർച്ചയാകും. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ പ്രതിയോഗികളെ പരിധിയിൽ ആക്കാനുള്ള ബിജെപി സർക്കാരിന്‍റെ അജണ്ടകൾക്കെതിരെ വലിയ വിമർശനമാണ് രാഹുൽ ഗാന്ധി ഉയർത്തുന്നത്. ഝാർഖണ്ഡിലൂടെയുള്ള യാത്രയിലും ഇത്തരം വിഷയങ്ങളൊക്കെ ചർച്ചാവിഷയമാകും. സംഘപരിവാറിനും ബിജെപിക്കും എതിരെ പോരാടുന്നതിൽ നിന്ന് താൻ പിന്നോട്ടില്ലെന്ന് രാഹുൽ ഗാന്ധി ആവർത്തിച്ച് വ്യക്തമാക്കി. ബിജെപിയും സംഘപരിവാറിനും എതിരെ കൃത്യമായ രാഷ്ട്രീയം പറയുന്ന രാഹുൽ ഗാന്ധിയെ വലിയ ആരവത്തോടെയാണ് ജനക്കൂട്ടം സ്വീകരിക്കുന്നത്.

19 ദിവസങ്ങൾ കൊണ്ട് 7 സംസ്ഥാനങ്ങൾ പിന്നിട്ട ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്. യാത്രയുടെ ജനപിന്തുണയില്‍ വിറളി പൂണ്ട ബിജെപി ബോധപൂർവമായ പ്രകോപനം സൃഷ്ടിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. അസമില്‍ യാത്രയ്ക്ക് നേരെയുണ്ടായ ആക്രമണങ്ങള്‍ ഇതിന് തെളിവാണ്. രാഹുല്‍ ഗാന്ധിക്കും നേതാക്കള്‍ക്കും എതിരെ കേസെടുക്കുന്ന സാഹചര്യവുമുണ്ടായി. എന്തൊക്കെ പ്രതിബന്ധങ്ങള്‍ നേരിടേണ്ടിവന്നാലും യാത്ര മുന്നോട്ടുതന്നെ പോകുമെന്നും ലക്ഷ്യത്തിലെത്തിച്ചേരുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. മാർച്ച് 20-ന് മഹാരാഷ്ട്രയിലാണ് യാത്ര സമാപിക്കുക.