രാജ്യത്തെ സ്നേഹത്താല്‍ ചേർത്തുപിടിച്ച് രാഹുല്‍; ‘ഇന്ത്യ’യുടെ ശക്തിപ്രകടനമായി ന്യായ് യാത്രയുടെ സമാപനസമ്മേളനം

Jaihind Webdesk
Sunday, March 17, 2024

 

മുംബൈ: ഇന്ത്യയുടെ ഹൃദയം കീഴടക്കി ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് മുംബൈയിൽ ആവേശോജ്വല സമാപനം. മുംബൈയിലെ ശിവജി പാർക്കിൽ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് പ്രതിപക്ഷ ഇന്ത്യ മുന്നണി. ഇന്ത്യയുടെ മണ്ണും മനവും കവർന്ന് രാജ്യത്തിന്‍റെ ഹൃദയ ഭൂമിയിലൂടെ 63 ദിവസമാണ് രാഹുലിന്‍റെ നേതൃത്വത്തിലുള്ള യാത്രാ സംഘം സഞ്ചരിച്ചത്. വന്‍ ജനാവലിയാണ് ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപനസമ്മേളനത്തിലേക്ക് ഒഴുകിയെത്തിയത്. പ്രതിപക്ഷത്തെ പ്രമുഖ നേതാക്കളെല്ലാം വേദിയിൽ അണിനിരന്നപ്പോൾ ഇടതുനേതൃത്വം മാത്രം വിട്ടു നിന്നു. എല്ലാവരും കൈകോർത്തു പിടിച്ച് മുദ്രാവാക്യം വിളിച്ചതോടെ ഭാരത് ജോഡോ യാത്രയുടെ സമാപനവേദി ഇന്ത്യ മുന്നണിയുടെ ഐക്യവേദിയായി മാറി.

ഇന്ത്യൻ ജനതയുടെ വേദനയും സ്വപ്നങ്ങളുമെല്ലാം ഒപ്പിയെടുത്ത് അവർക്ക് ആശ്വാസവും പ്രതീക്ഷകളും പകർന്നാണ് 63 ദിനവും യാത്ര മുന്നേറിയത്. മാസങ്ങളായി വംശീയാതിക്രമങ്ങൾക്കിരയായി വേദന തിന്നുന്ന മണിപ്പൂരിന് സാന്ത്വനവും നീതിയുടെ ശുഭപ്രതീക്ഷകളും പകർന്ന് തലസ്ഥാന നഗരിയായ ഇംഫാലിൽ നിന്ന് ജനുവരി 14നാണ് യാത്ര തുടങ്ങിയത്. നാഗാലാൻഡ്, അസം, മേഘാലയ, പശ്ചിമ ബംഗാൾ, ബിഹാർ, ജാർഖണ്ഡ്, ഒഡീഷ, ഛത്തീസ്ഗഢ്, ഉത്തർപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലൂടെ യാത്ര സഞ്ചരിച്ചു.

എല്ലവാർക്കും നീതി ഉറപ്പാക്കുക എന്ന സന്ദേശമുയർത്തിയായിരുന്നു യാത്ര. യാത്രയിലുടനീളം ദരിദ്രർ, യുവാക്കൾ, കർഷകർ, സ്ത്രീകൾ എന്നിവർക്ക് നീതി ഉറപ്പാക്കാനുള്ള കോൺഗ്രസിന്‍റെ ദൃഢനിശ്ചയം രാഹുല്‍ ഗാന്ധി ഊന്നിപ്പറഞ്ഞു. തൊഴിലില്ലായ്മയും വിലക്കയറ്റവും കർഷകരുടെയും യുവാക്കളുടെയും പ്രശ്നങ്ങളും ജാതി സെൻസസും പൗരത്വ നിയമ ഭേദഗതിയും യാത്രയിൽ പ്രധാന ചർച്ചാവിഷയമായി.

കേന്ദ്ര സർക്കാരിന്‍റെയും വിവിധ സംസ്ഥാനങ്ങളിലെ ബിജെപി സർക്കാരുകളുടെയും നയവൈകല്യവും ജനവിരുദ്ധതയും യാത്രയിൽ ചൂണ്ടിക്കാട്ടി. മഹിളാ ന്യായ്, യുവ ന്യായ്, ആദിവാസി ന്യായ് ഗ്യാരന്‍റികള്‍ അടക്കം വലിയ പ്രഖ്യാപനങ്ങളും ന്യായ് യാത്രയിലുണ്ടായി. കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ കേന്ദ്രത്തിൽ അധികാരത്തിലെത്തിയാൽ രാജ്യത്ത് കൊണ്ടുവരാനിരിക്കുന്ന ഉറപ്പുകളും രാഹുൽ ഗാന്ധി നയിച്ച യാത്രയിൽ ജനങ്ങൾക്ക് കൈമാറി.