ബസ് സ്റ്റാന്‍ഡുകളില്‍ മദ്യശാല; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെസിബിസി

Jaihind Webdesk
Saturday, September 4, 2021

 

കെഎസ്ആർടിസി ബസ് സ്റ്റാന്‍ഡില്‍ ബിവറേജസ് ഔട്ട്‌ലെറ്റുകൾ തുടങ്ങാനുള്ള തീരുമാനത്തില്‍ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെസിബിസി. ബസ് സ്റ്റാന്‍ഡുകളില്‍ മദ്യശാലകള്‍ തുടങ്ങുമെന്ന ഗതാഗത മന്ത്രി ആന്‍റണി രാജുവിന്‍റെ പ്രഖ്യാപനം വ്യാമോഹമാണെന്നും എന്തുവില കൊടുത്തും ഈ നീക്കത്തെ ചെറുത്ത് തോല്‍പ്പിക്കുമെന്നും കെസിബിസി വ്യക്തമാക്കി.

ഗതാഗതവകുപ്പ് മന്ത്രിയുടെ നീക്കം കണ്ടാല്‍ ‘ചങ്ങലയ്ക്കും ഭ്രാന്ത് പിടിച്ചോ’ എന്ന് തോന്നിപ്പോകും എന്ന് കെസിബിസി മദ്യ വിരുദ്ധ സംഘടന പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു. മദ്യം വാങ്ങാനെത്തുന്നവർ സ്ത്രീകളും കുട്ടികളുമടങ്ങുന്ന യാത്രക്കാർക്ക് ഭീഷണിയാകുമെന്നും പ്രശ്‌നസാധ്യതാ മേഖലയായി മാറുമ്പോള്‍ യാത്രക്കാര്‍ കെഎസ്ആര്‍ടിസിയെ ഉപേക്ഷിക്കുമെന്നും കെസിബിസി ചൂണ്ടിക്കാട്ടി.

കെഎസ്ആര്‍ടിസി സാമൂഹ്യവിപത്തിനെ മാടിവിളിക്കുന്നത് ‘ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം’ എന്ന ലക്ഷ്യത്തിനുവേണ്ടി മാത്രമാണെന്നും കെസിബിസി മദ്യ വിരുദ്ധ സമിതി പ്രസിഡന്‍റ് പ്രസാദ് കുരുവിള വാർത്താ കുറിപ്പിൽ കുറ്റപ്പെടുത്തി.