പ്ലേ സ്റ്റോറിൽ ലഭ്യമായതിനു പിന്നാലെ ‘ബെവ് ക്യു’ ആപ് തകരാറില്‍; ഡൗണ്‍ലോഡ് ചെയ്യാനാകുന്നില്ല

 

മദ്യം ഓണ്‍ലൈന്‍ ബുക്കിങ്ങിനുള്ള ‘ബെവ് ക്യു’ ആപ് തകരാറില്‍. പുതുതായി ആപ് ഡൗണ്‍ലോഡ് ചെയ്യാനാകുന്നില്ല. അതേസമയം ശേഷി പരീക്ഷണം പൂർത്തിയായ ആപ് ഇന്നലെ രാത്രി 11 മണി മുതലാണ് പ്ലേ സ്റ്റോറിൽ ലഭ്യമായി തുടങ്ങിയത്. ഇതിനു പിന്നാലെയാണ് ആപ് തകരാറിലായത്.

അതേസമയം മുന്‍പരിചയമില്ലാത്ത കമ്പനിയെ നിര്‍മ്മാണ ചുമതല ഏല്‍പ്പിച്ചതിനെതിരെ നേരത്തെ വിമര്‍ശനമുയര്‍ന്നിരുന്നു.   സമാനമായ ആപ്പുകള്‍ കൈവശമുള്ള കമ്പനികള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് ടെണ്ടര്‍ നിബന്ധനകളില്‍ പറഞ്ഞിരുന്നതെങ്കിലും അത്തരം കമ്പനികളെ ഒഴിവാക്കിയാണ് സമാനമായ ഒരു ആപ്പ് പോലും നേരത്തെ നിര്‍മിക്കാത്ത ഫെയര്‍ കോഡ് എന്ന കമ്പനിക്ക് വഴിവിട്ട് ബെവ്‌കോ ആപ് നിര്‍മിക്കാനുള്ള കരാര്‍ നല്‍കിയത്.

സര്‍ക്കാരിന്റെ ടെണ്ടര്‍ നിബന്ധന പ്രകാരം സാങ്കേതിക വിദ്യക്ക് എഴുപത് മാര്‍ക്കും സാമ്പത്തിക വശത്തിന് മുപ്പത് മാര്‍ക്കുമാണ് കണക്കാക്കിയിരുന്നത്. സമാനമായ ആപ്പ് തങ്ങളുടെ കൈവശമുണ്ടെന്നും അതു നാല് ദിവസത്തിനകം തന്നെ പ്രവര്‍ത്തന സജ്ജമാക്കാമെന്നും ടെണ്ടറില്‍ പങ്കെടുത്ത ചില കമ്പനികള്‍ സര്‍ക്കാരിന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഈ കമ്പനികളെ മറികടന്നാണ് എഴുദിവസം കൊണ്ട് പുതിയ ആപ്പു നിര്‍മിച്ച് പ്രവര്‍ത്തനസജ്ജമാക്കാമെന്ന് പറഞ്ഞ കമ്പനിക്ക് കരാര്‍ നല്‍കിയത്. എന്നാല്‍ ഈ കമ്പനി ഏഴുദിവസമല്ല, പതിനാല് ദിവസമാണ് ആപ്പു പ്രവര്‍ത്തന സജ്ജമാക്കാന്‍ എടുത്തത്.

 

Comments (0)
Add Comment