നാലാംഘട്ട ലോക്സഭ തെരഞ്ഞെടുപ്പിൽ ഭേദപ്പെട്ട പോളിംഗ്

Jaihind Webdesk
Tuesday, April 30, 2019

ഒമ്പത് സംസ്ഥാനങ്ങളിലെ 72 മണ്ഡലങ്ങളിലായി നടന്ന നാലാംഘട്ട ലോക്സഭ തെരഞ്ഞെടുപ്പിൽ ഭേദപ്പെട്ട പോളിംഗ് രേഖപ്പെടുത്തി. ഇതോടെ മഹാരാഷ്ട്രയിലും ഒഡിഷയിലും വോട്ടെടുപ്പ് പൂർത്തിയായി. ഇലക്ടോണിക് യന്ത്രത്തിലെ തകരാറു മൂലം ബംഗാളിലടക്കം നിരവധി ബൂത്തുകളിൽ ആദ്യമണിക്കൂറുകളിൽ പോളിംഗ് വൈകി. ബിജെപിയും കോൺഗ്രസും നേർക്കുനേർ ഏറ്റുമുട്ടുന്ന രാജസ്ഥാനിലും മധ്യപ്രദേശിലും മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്.

ബംഗാളിലാണ് നാലാം ഘട്ടത്തിലും ഉയർന്ന പോളിംഗ് നടന്നത്. ജാർഖണ്ഡിലും ഒഡിഷയിലും മെച്ചപ്പെട്ട പോളിംഗായിരുന്നു. ജമ്മു കശ്മീരിലെ അനന്ത് നാഗിൽ 12 ശതമാനത്തിൽ താഴെ മാത്രമാണ് പോളിംഗ് രേഖപ്പെടുത്തിയത്.  സംസ്ഥാനത്ത് പലയിടത്തും ബിജെപി – തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ഏറ്റമുട്ടി. കേന്ദ്ര സേനയെ വിന്യസിക്കാത്തിനെ ചൊല്ലിയാണ് അസൻ സോളിൽ ബിജെപി തൃണമൂൽ പ്രവർത്തർ ഏറ്റമുട്ടിയത്.

ബിർബും മണ്ഡലത്തിലെ നാലിടത്തും സംഘർഷമുണ്ടായി. കേന്ദ്രമന്ത്രിമാരായ ഗിരിരാജ് സിംഗ്, സുഭാഷ് ഭാംരെ, എസ് എസ് അലുവാലിയ, ബാബുൽ സുപ്രിയോ – കോൺഗ്രസിൽ നിന്നുള്ള മുൻ കേന്ദ്രമന്ത്രിമാരായ സൽമാൻ ഖുർഷിദ്, അധിർ രഞ്ജൻ ചൗധുരി എന്നിവരും ജനവിധി തേടി.

മുംബൈ നോർത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി ചലച്ചിത്രതാരം ഊർമിളാ മഡോദ്കർ. എസ്പിയുടെ ഡിംപിൾ യാദവ്, തൃണമൂലിന്‍റെ ശതാബ്ദി റോയ്, കോൺഗ്രസ് മഹാരാഷ്ട്ര പിസിസി അദ്ധ്യക്ഷൻ മിലിന്ദ് ദേവ്‌റ എന്നിവരാണ് ജനവിധി തേടിയ മറ്റ് പ്രമുഖർ.