‘ഒപ്പമുണ്ട് എംപി’ : കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി ആദിവാസി ഊരുകളിൽ വാക്സിനെത്തിച്ച് ബെന്നി ബഹനാൻ എംപി

Jaihind Webdesk
Thursday, July 15, 2021

കൊവിഡ് പ്രതിരോധത്തിന്‍റെ ആശാ കിരണങ്ങളുമായി ബെന്നി ബഹനാൻ എം.പി.യുടെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തക സംഘം വാക്സിനുമായി അതിരപ്പിള്ളി, മലക്കപ്പാറ ആദിവാസി ഊരുകളിൽ എത്തിയത് പുതുമയുള്ള അനുഭവമായി.

“ഒപ്പമുണ്ട് എം.പി.” എന്ന പദ്ധതിയിലൂടെ 720-ഓളം ആദ്യ ഡോസ് വാക്സിനാണ് രണ്ടു ദിവസങ്ങളിലായി ചാലക്കുടി നിയോജക മണ്ഡലത്തിൽ പെട്ട ആനക്കയം, അടിച്ചിൽ തൊട്ടി, അരയക്കാവ്, വെട്ടി വിട്ട കാട്, പെരുമ്പാറ എന്നീ അഞ്ച് ആദിവാസി കോളനികളിൽ അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രിയുടെ സഹകരണത്തോടെ വിതരണം നടത്തിയത്‌.

ആദ്യ ദിവസം വനാന്തരത്തിലുള്ള ഊരുകളിലെ കിടപ്പു രോഗികൾക്ക് കുത്തി വെപ്പ് നേരിട്ടു നടത്തുന്നതിന് എത്തിച്ചേരാൻ എം.പി.യുടെ നേതൃത്വത്തിലുള്ള സംഘത്തിന് ഏറെ പ്രയാസപ്പെടേണ്ടി വന്നു. രണ്ടാം ദിവസം മലക്കപ്പാറ ഗവ.യു.പി.സ്കൂളിൽ നടന്ന ക്യാംപിൽ ആദിവാസികളെ കൂടാതെ തോട്ടം തൊഴിലാളികൾ, വനം വകുപ്പ് ഉദ്യോഗസ്ഥർക്കും സൗജന്യ വാക്സിനേഷൻ നൽകി.

രണ്ടു ദിവസത്തെ ക്യാമ്പിൽ മുഴുനീളം ബെന്നി ബഹനാൻ എം.പിയും എം പി യുടെ കീഴിലുള്ള സന്നദ്ധ പ്രവർത്തകരും സജീവമായി പങ്കെടുത്തു. എംഎൽ എ മാരായ സനീഷ് കുമാർ ജോസഫ് എംഎൽഎ,റോജി എം ജോൺ എം ൽ എ, എന്നിവരും കൂടെ ഉണ്ടായിരുന്നു. കഴിഞ്ഞ ഒരാഴ്ച മുമ്പാണ് ചാലക്കുടി പാർലമെൻ്റ് മണ്ഡലത്തിലെ വിവിധ സ്ഥാപനങ്ങളിലെ അന്തേവാസികൾ, ശാരീരിക പ്രയാസമനുഭവിക്കുന്നവർ ഉൾപ്പെടെ മൂവായിരം പേർക്ക് അങ്കമാലി അഡ്ലക്സ് സെൻ്ററിൽ “ഒപ്പമുണ്ട് എം.പി ” പദ്ധതിയിലൂടെ വാക്സിനേഷൻ നൽകിയത്.