മുവാറ്റുപുഴ: ശബരിമല സന്നിധാനത്തെ സ്വര്‍ണ്ണക്കൊള്ളക്കെതിരെ കെ.പി.സി.സി.യുടെ നിര്‍ദ്ദേശപ്രകാരം ബെന്നി ബെഹന്നാന്‍ എം.പി. നയിക്കുന്ന മുവാറ്റുപുഴ മേഖല ‘വിശ്വാസ സംരക്ഷണ ജാഥ’ മുവാറ്റുപുഴയില്‍ നിന്ന് ആരംഭിച്ചു. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി ജാഥ ഉദ്ഘാടനം ചെയ്തു.
ശബരിമല അയ്യപ്പ സന്നിധിയിലെ സ്വര്‍ണ്ണം മോഷ്ടിച്ചത് കേരളത്തിനാകെ ലജ്ജാകരമാണെന്നും കോടിക്കണക്കിന് വിശ്വാസികളുടെ മനസ്സിനെ മുറിവേല്‍പ്പിച്ചെന്നും നേതാക്കള്‍ ഉദ്ഘാടന വേദിയില്‍ പറഞ്ഞു. സ്വര്‍ണ്ണ മോഷണവുമായി ബന്ധപ്പെട്ട് വിശ്വാസികളുടെ മനസ്സിന് മുറിവേല്‍പ്പിച്ച സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനുമെതിരെ നേതാക്കള്‍ രൂക്ഷ വിമര്‍ശനം നടത്തി.
കെ.പി.സി.സി. രാഷ്ട്രീയ കാര്യസമിതി അംഗം ബെന്നി ബെഹന്നാന്‍ എം.പി. ജാഥാ ക്യാപ്റ്റനായുള്ള യാത്ര രാവിലെ 10 മണിക്കാണ് മുവാറ്റുപുഴയില്‍ നിന്ന് ആരംഭിച്ചത്. ഒന്‍പത് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റികളില്‍ നിന്നായി നൂറുകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരാണ് ഉദ്ഘാടനത്തില്‍ പങ്കെടുത്തത്. ഉദ്ഘാടനത്തിന് ശേഷം ദീപാ ദാസ് മുന്‍ഷി ജാഥാ ക്യാപ്റ്റന് പതാക കൈമാറി.
വെള്ളൂര്‍കുന്ന് മഹാദേവ ക്ഷേത്രത്തില്‍ ജാഥാ ക്യാപ്റ്റന്‍ ദര്‍ശനം നടത്തിയ ശേഷം, ശരണം വിളികളാല്‍ മുഖരിതമായ അന്തരീക്ഷത്തിലാണ് വിശ്വാസ സംരക്ഷണ ജാഥ അടുത്ത സ്വീകരണ സ്ഥലമായ തൊടുപുഴയിലേക്ക് നീങ്ങിയത്. ഫ്രാന്‍സിസ് ജോര്‍ജ് എം.പി., എം.എല്‍.എ.മാരായ മാത്യു കുഴല്‍നാടന്‍, അന്‍വര്‍ സാദത്ത്, പി.സി. വിഷ്ണുനാഥ്, ടി.ജെ. വിനോദ്, റോജി എം. ജോണ്‍, എറണാകുളം ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ് തുടങ്ങി കെ.പി.സി.സി., ഡി.സി.സി., മഹിളാ കോണ്‍ഗ്രസ് ഭാരവാഹികളും ജാഥയുടെ ഉദ്ഘാടന യോഗത്തില്‍ പങ്കെടുത്തു.