വിദേശമദ്യത്തിന്‍റെ ചില്ലറ വില്പന രംഗത്തേക്ക് സ്വകാര്യ മേഖല : പിന്നില്‍ കോടികളുടെ അഴിമതിയെന്ന് ബെന്നി ബെഹനാൻ എം.പി

Jaihind News Bureau
Monday, May 18, 2020

കൊച്ചി: വിദേശമദ്യത്തിന്‍റെ ചില്ലറ വില്പന രംഗത്തേക്ക് സ്വകാര്യ മേഖലയെ കൊണ്ട് വരുന്നതിലൂടെ കോടികളുടെ അഴിമതിയാണ് നടന്നതെന്ന് യു ഡി എഫ് കൺവീനർ ബെന്നി ബെഹനാൻ എം.പി ആരോപിച്ചു. അബ്‌കാരി നിയമത്തിൽ ഭേദഗതി വരുത്താൻ പോലും സർക്കാർ തയാറായത് ഇതിന്‍റെ തെളിവാണ്. 1984 മുതൽ വിദേശമദ്യത്തിന്‍റെ ചില്ലറ വിൽപന സംസ്‌ഥാന സർക്കാർ ഏറ്റെടുത്ത് ബിവറേജസ് കോർപ്പറേഷനെ ഏൽപ്പിക്കുകയാണ് ഉണ്ടായത്. അന്ന് മുതൽ സംസ്ഥാനത്ത് 301 ബെവ്‌കോ, കൺസ്യൂമർഫെഡ് ഔട്ട്‍ലെറ്റുകളിലൂടെയാണ് വിദേശമദ്യത്തിന്‍റെ ചില്ലറവിൽപ്പന നടത്തിവന്നത്. സംസ്ഥാന സർക്കാരിന്‍റെ വരുമാനത്തിന്‍റെ 20 ശതമാനത്തിലധികം ഈ രംഗത്ത് നിന്നാണ് ലഭിച്ചു വന്നത്. ബിവറേജസ് കോർപ്പറേഷന്‍റെ കുത്തകയായിരുന്ന വിദേശ മദ്യത്തിന്‍റെ ചില്ലറ വിൽപന രംഗത്തേക്ക് സ്വകാര്യ മേഖലയെ കൊണ്ട് വരുമ്പോൾ 605 ബാറുകളും 387 ബിയർ, വൈൻ പാർലറുകളും ചേർന്ന് 955 ഔട്ട്‍ലെറ്റുകളിലൂടെ മദ്യം വിൽക്കാനാണ് സർക്കാർ അനുവാദം നൽകിയത്.

2018 – 19 കാലഘട്ടത്തിൽ ബിവറേജ് കോർപ്പറേഷനിലൂടെ വിറ്റഴിച്ചത് 14000 കോടി രൂപയുടെ മദ്യമാണ് . എന്നാൽ ഇതിന്‍റെ മൂന്നിലൊന്ന് വരുമാനം ഇപ്പോൾ ബാറുകൾക്ക് നൽകിയിരിക്കുകയാണ്. കോടികളുടെ മറവിലാണ് ഈ കൊള്ള സർക്കാർ നടത്തിയത്. ബിവറേജ് ഔട്ട്ലെറ്റുകൾ പ്രതിവർഷം നാല് ലക്ഷം രൂപ സർക്കാരിന് കൊടുക്കണമായിരുന്നു. എന്നാൽ ബാറുകൾക്ക് ഇത്തരത്തിൽ ഒരു ഫീസും ഏർപ്പെടുത്തിയിട്ടില്ല. ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന്‍റെ നികുതി വർധനവ് നിലവിലുണ്ടായിരുന്ന 210 ശതമാനത്തിൽ നിന്ന് 35 ശതമാനം കൂട്ടി 245 ശതമാനമാക്കി. എന്നാൽ വിദേശ നിർമ്മിത വിദേശ മദ്യത്തിന്‍റെ നികുതി ഇപ്പോഴും 80 ശതമാനം മാത്രമാണ്. 1000 രൂപ വിലയുള്ള ഇന്ത്യൻ നിർമ്മിത വിദേശമദ്യം വാങ്ങണമെങ്കിൽ പുതിയ നികുതി അനുസരിച്ച് ഏകദേശം 2600 രൂപയാകും. എന്നാൽ വിദേശ നിർമ്മിത വിദേശ മദ്യത്തിനു 1600 രൂപയെ ആകുന്നുള്ളു.

കോടികണക്കിന് രൂപയുടെ ലാഭം സ്വകാര്യ ബാറുടമകൾക്ക് ലഭിക്കുമ്പോൾ കൊവിഡിന്‍റെ മറവിൽ അവരിൽ നിന്ന് എത്ര ശതമാനം കമ്മീഷൻ ലഭിച്ചു എന്നത് വ്യക്തമാണ്. കൊവിഡ് എന്ന മഹാമാരിയെ നേരിടുന്നതിന് വേണ്ടി മുന്നിൽ നിന്ന് പ്രവർത്തിക്കുന്നു എന്ന് പറയുന്ന ഇടത് സർക്കാരിന്‍റെ തനിനിറം പുറത്തായി. ക്വാറന്‍റീനിൽ ആളുകൾക്ക് ഭക്ഷണം എത്തിച്ചു കൊടുക്കുന്നതിനു പോലും പണം ചെലവഴിക്കാൻ കഴിയാത്ത സർക്കാർ, ബാർ മുതലാളിമാർക്ക് വേണ്ടി സഹായം ചെയ്ത് കോടികൾ കമ്മീഷനടിക്കുകയാണെന്നും ബെന്നി ബെഹനാൻ കുറ്റപ്പെടുത്തി.

സംസ്‌ഥാനത്ത്‌ മദ്യ ദുരന്തങ്ങൾ ഉണ്ടായപ്പോഴാണ് ബിവറേജസ് കോർപ്പറേഷൻ വഴി ഗുണനിലവാരമുള്ള മദ്യം വിതരണം ചെയ്യാൻ തീരുമാനിച്ചത്. എന്നാൽ ഇത് വീണ്ടും ബാറുകാറിലേക്കു കൊടുക്കുമ്പോൾ സെക്കൻഡ്‌സ് മദ്യങ്ങൾ വിതരണം ചെയ്യാൻ ഇടയാക്കുകയും മദ്യദുരന്തത്തിനു സാഹചര്യം ഉണ്ടാകുകയും ചെയ്യുമെന്നും ബെന്നി യു ഡി എഫ് കൺവീനർ പറഞ്ഞു.