ചാലക്കുടി മണ്ഡലത്തിലെ റെയിൽവേ വികസനം; റെയിൽവേ മന്ത്രിയുമായി ബെന്നി ബെഹനാൻ കൂടിക്കാഴ്ച നടത്തി

Jaihind Webdesk
Wednesday, January 31, 2024


ന്യൂഡൽഹി : ചാലക്കുടി ലോക്സഭാ മണ്ഡലത്തിന് കീഴിലെ വിവിധ റെയിൽവേ വികസന വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി ബെന്നി ബെഹനാൻ എം പി കൂടിക്കാഴ്ച നടത്തി. കേരളത്തിന്‍റെ സ്വപ്നപാതയായ ശബരി റെയിൽവേ പാതയുടെ കാര്യത്തിൽ സംസ്ഥാന സർക്കാരിന്‍റെ തെറ്റായ സമീപനമാണ് തുടർനടപടികൾ മുന്നോട്ടു കൊണ്ടു പോകാൻ തടസ്സമായതെന്നാണ് മന്ത്രി എംപിയെ ധരിപ്പിച്ചത്. പദ്ധതിയുടെ മരവിപ്പിക്കൽ തീരുമാനം പിൻവലിച്ച് പദ്ധതി ഉടൻ നടപ്പിലാക്കണമെന്നായിരുന്നു എംപി മന്ത്രിയോട് ആവശ്യപ്പെട്ടത്.

അതേസമയം അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തിയ ആലുവ, അങ്കമാലി, ചാലക്കുടി റെയിൽവേ സ്റ്റേഷനുകളുടെ അടിസ്ഥാന വികസന പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാക്കാനുള്ള നടപടികൾ ഉണ്ടാകണമെന്നും ആലുവ, അങ്കമാലി, ചാലക്കുടി സ്റ്റേഷനുകളിലൂടെ കടന്നുപോകുന്ന പ്രധാനപ്പെട്ട തീവണ്ടികൾക്ക് ഇവിടങ്ങളിൽ സ്റ്റോപ്പേജ് അനുവദിക്കണമെന്നും കൂടിക്കാഴ്ചയിൽ ബെന്നി ബഹനാൻ എംപി മന്ത്രിയോട് ആവശ്യപ്പെട്ടു.