ഒത്തുകളിച്ചതിനു ശേഷം ജനങ്ങളെ കബളിപ്പിക്കുന്നു; വിമാനത്താവളത്തില്‍ മുഖ്യമന്ത്രിക്കെതിരെ ബെന്നി ബെഹനാൻ എം.പി

 

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറാൻ ഒത്തുകളി നടത്തിയ ശേഷം മുഖ്യമന്ത്രി നാടകം കളിക്കുകയാണെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബെഹനാൻ എം.പി. ഗൗതം അദാനിയുടെ മരുമകളായ പരീധി അദാനി പാർട്ണറായ മുംബൈ ആസ്‌ഥാനമായ നിയമസ്‌ഥാപനത്തോടാണ് ലേലനടപടികൾക്കായി കേരളം വിദഗ്ധോപദേശം തേടിയത്. ലേലതുക നിർണയിക്കുന്നതിലും ലേലത്തിൽ സംസ്‌ഥാന സർക്കാർ പരാജയപ്പെട്ടതിലും നിർണായകമായത് ഈ സ്‌ഥാപനത്തിന്‍റെ ഇടപെടൽ ആണെന്ന് യുഡിഎഫ് കൺവീനർ ആരോപിച്ചു. ലേലതുക നിശ്ചയിക്കുന്നതിൽ സംസ്‌ഥാന സർക്കാർ ഉപദേശം ചോദിച്ച സ്‌ഥാപന ഉടമയുടെ കുടുംബത്തിനാണ് വിമാനത്താവള കരാർ ലഭിച്ചതെന്നത് അസാധാരണ നടപടിയാണ്. അദാനിയുടെ മരുമകളുടെ കമ്പനിയിൽ നിന്ന് നിയമസഹായം തേടിയ ശേഷം ജനങ്ങളെ കബളിപ്പിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും ബെന്നി ബെഹനാൻ ആരോപിച്ചു.

തിരുവനന്തപുരം വിമാനത്താവളത്തിന്‍രെ ലേലത്തിൽ പങ്കെടുക്കാൻ കെ.എസ്.ഐ.ഡി.സിക്ക് പിൻബലം നൽകിയത് പ്രളയ പുനരധിവാസ കൺസൾട്ടൻസിയിലൂടെ വിവാദത്തിലായ കെ.പി.എം.ജിയാണ്. ഒരു കോടി 57 ലക്ഷം രൂപയാണ് ഇതിനായി അവർക്ക് നൽകിയത്. ഇതും ദുരൂഹമാണ്. മസാല ബോണ്ട് വിവാദത്തിൽ സംശയമുനയിൽ നിൽക്കുന്നവരെ തന്നെ വിമാനത്താവളവുമായി ബന്ധപ്പെട്ട കരാർ നടപടികളിൽ ഉൾപ്പെടുത്തിയതും സംശയാസ്പദമാണ്. ലേലത്തിൽ പത്ത് ശതമാനത്തിനകത്താണ് വന്നിരുന്നതെങ്കിൽ കരാർ സംസ്‌ഥാന സർക്കാരിന് തന്നെ ലഭിക്കുമായിരുന്നു. എന്നാൽ ഇവിടെ 19 ശതമാനമാണ് വ്യത്യാസം വന്നത്. അദാനി ഗ്രൂപ്പുമായി ഒത്തുകളി നടത്തിയ മുഖ്യമന്ത്രി കോടതിയിൽ കേസ് നടത്തുമെന്ന് പറയുന്നതും അദാനി ഗ്രൂപ്പിനെതിരെ പ്രസ്‍താവന ഇറക്കുന്നതും ജനങ്ങളെ കബളിപ്പിക്കാൻ ആണെന്നും ബെന്നി ബെഹനാൻ ആരോപിച്ചു.

Comments (0)
Add Comment