മോദിയുടേത് പ്രതികാര രാഷ്ട്രീയമെന്ന് മമത; പ്രതിപക്ഷ പ്രതിഷേധത്തില്‍

Jaihind Webdesk
Monday, February 4, 2019

Parliament-Mamtha-Issue

ബംഗാളിൽ പ്രതിസന്ധി തുടരുന്നു. മമതാ ബാനർജിയുടെ ധർണ തുടരുകയാണ്.  മോദിക്ക് പ്രതികാര രാഷ്ട്രീയമെന്ന് മമത ബാനർജി പറഞ്ഞു. അതേസമയം, സര്‍ക്കാരും സിബിഐയും തമ്മിലുളള ഏറ്റുമുട്ടലില്‍ ഗവര്‍ണര്‍ കേസരീ നാഥ് ത്രിപാഠി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കി. വിഷയത്തില്‍ വിശദമായ റിപ്പോര്‍ട്ട് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. ചീഫ് സെക്രട്ടറിയില്‍ നിന്നും ഡിജിപിയില്‍ നിന്നും റിപ്പോര്‍ട്ട് തേടിയ ശേഷമാണ് ഗവര്‍ണര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ബംഗാള്‍ വിഷയത്തില്‍ പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെന്‍റ് പലതവണ തടസപ്പെട്ടു. ഇടതുപക്ഷം ഒഴികെയുള്ള പ്രതിപക്ഷം പാർലമെൻറിൽ ഒറ്റക്കെട്ടായി പ്രതിഷേധിച്ചു.

അതിനിടെ കൊല്‍ക്കത്തയുടെ ചുമതലയുളള സിബിഐ ജോയിന്‍റ് ഡയറക്ടര്‍ പങ്കജ് ശ്രീവാസ്തവയ്‌ക്കെതിരെ കൊല്‍ക്കത്ത പൊലീസ് സമന്‍സ് അയച്ചു. തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് സമന്‍സ്. സിബിഐ ഉദ്യോഗസ്ഥര്‍ക്കെതിരായ കേസുകള്‍ വേഗത്തിലാക്കാന്‍ മമതാ ബാനര്‍ജി കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. സിബിഐ നടപടിക്കെതിരെ പൊലീസ് കൊല്‍ക്കത്ത ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കേസ് കോടതി നാളെ പരിഗണിക്കും.