പശ്ചിമ ബംഗാൾ നിയമസഭയിൽ ബിജെപി – തൃണമൂൽ എംഎൽഎമാർ തമ്മില്‍ കയ്യാങ്കളി : 4 ബിജെപി അംഗങ്ങള്‍ക്ക് സസ്പെന്‍ഷന്‍

Jaihind Webdesk
Monday, March 28, 2022

കൊല്‍ക്കത്ത: ബംഗാള്‍ നിയമസഭയില്‍ ബിജെപി-തൃണമൂൽ കോൺഗ്രസ് എംഎല്‍എമാർ തമ്മില്‍ കയ്യാങ്കളി.  ബിർഭൂം സംഘര്‍ഷത്തെ ചൊല്ലിയാണ് നിയമസഭയ്ക്കകത്ത് സംഘാർഷം ഉണ്ടായത്. സുവേന്ദു അധികാരി ഉൾപ്പെടെ 4 ബിജെപി എംഎൽഎമാരെ സ്പീക്കർ സസ്പെൻഡ് ചെയ്തു.

സംസ്ഥാനത്തെ ക്രമസമാധാന നിലയെക്കുറിച്ച് മുഖ്യമന്ത്രി മമത ബാനർജി സഭയിൽ പ്രസ്താവന നടത്തണമെന്ന് ബി.ജെ.പി എംഎല്‍എമാര്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് നിയമസഭ സംഘർഷഭരിതമായ രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ചത്. തൃണമൂല്‍-ബിജെപി എംഎല്‍എമാര്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായി.

ഏറ്റുമുട്ടലിൽ തൃണമൂല്‍ എംഎല്‍എ അസിത് മജുംദാറിന്‍റെ മൂക്കിന് പരിക്കേറ്റു. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി മർദിച്ചെന്ന് അസിത് മജുംദാര്‍ പറഞ്ഞു. തുടര്‍ന്ന് സുവേന്ദു അധികാരി ഉള്‍പ്പെടെ നാല് ബിജെപി എംഎല്‍എമാരെ ഈ വർഷം മുഴുവൻ സസ്‌പെൻഡ് ചെയ്തു.

ബിർഭും ജില്ലയിലെ രാംപൂർഹട്ടിൽ സ്ത്രീകളും കുട്ടികളുമടക്കം ഒരു കുടുംബത്തിലെ എട്ട് അംഗങ്ങളെയാണ് ചുട്ടുകൊന്നത്. തൃണമൂൽ കോൺഗ്രസ് നേതാവ് ഭാദു ഷെയ്ഖ് ആക്രമണത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു ഇത്. കൽക്കട്ട ഹൈക്കോടതിയുടെ ഇടപെടലിനെ തുടർന്ന് അന്വേഷണം സിബിഐ ഏറ്റെടുത്തു.