ബെവ്കോ നോക്കുകുത്തി; മദ്യ ലോബിയെ സഹായിക്കാന്‍ സര്‍ക്കാരിന്‍റെ ഒളിച്ചുകളി, ബുക്ക് ചെയ്തവര്‍ക്ക് ടോക്കണ്‍ ബാറുകളിലേക്ക്

Jaihind News Bureau
Friday, May 29, 2020

സംസ്ഥാനത്ത് മദ്യ വില്‍പ്പനക്കുള്ള ഓണ്‍ലൈന്‍ ആപ്പ് സംബന്ധിച്ച് അനിശ്ചിതത്വം തുടരുമ്പോള്‍ സര്‍ക്കാര്‍ മദ്യ ലോബിയെ സഹായിക്കുന്ന ഹിഡന്‍ അജണ്ട നടപ്പിലാക്കുന്നു എന്ന് ആരോപണം.  മദ്യത്തിനായി ബുക്ക് ചെയ്തവര്‍ക്ക് ബിവറേജസ് ഔട്ട് ലെറ്റുകള്‍ ടോക്കണ്‍ നല്‍കുന്നില്ലെന്ന് പരാതി ഉയരുന്നു. ബുക്ക് ചെയ്യുന്ന ഭൂരിപക്ഷം പേര്‍ക്കും ടോക്കണ്‍ ലഭിച്ചത് ബാറുകളിലേക്കാണ്. ഇത് സ്വകാര്യ ബാര്‍ ഉടമകളെ സഹായിക്കാനാണ് എന്ന സംശയമാണ് ഉയരുന്നത്.

അതേസമയം,  ആപ്പിന്‍റെ സാങ്കേതികമായ തകരാറുകളും മദ്യം സ്റ്റോക്കില്ലാത്തതും ഓണ്‍ലൈന്‍ മദ്യ വില്‍പ്പന തകരാറിലാക്കുകയാണ്. നേരത്തെ ബുക്കിങ്ങ് പുനരാരംഭിക്കാനാവും എന്നത് സംബന്ധിച്ച് ഫെയര്‍ കോഡ് കമ്പനി ഫെയ്‌സ്ബുക്കില്‍ പോസ്റ്റുകള്‍ ഇട്ടിരുന്നുവെങ്കിലും ഇപ്പോള്‍ ആ പോസ്റ്റുകള്‍ കൂടി പിന്‍വലിച്ചിരിക്കുകയാണ്.

ഇന്ന് സംസ്ഥാനത്തെ മിക്ക ബാറുകളിലും വില കൂടിയ മദ്യം മാത്രമേ ലഭിക്കുന്നുള്ളൂ. ഒരു തവണ ടോക്കണ്‍ എടുത്തവര്‍ക്ക് ഇനി 4 ദിവസം കഴിഞ്ഞെ ടോക്കണ്‍ ലഭിക്കൂ എന്നതും സാധാരണക്കാരായ മദ്യപര്‍ക്ക് തിരിച്ചടിയായി. ഇന്നലെ  രാവിലെ 6 മുതല്‍ രാത്രി 10 വരെ ടോക്കണ്‍ എടുക്കാമെന്നായിരുന്നു അറിയിപ്പെങ്കിലും ഇന്നലെ ആപ് തുറന്നപ്പോള്‍ ടോക്കണ്‍ രാവിലെ 6 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ മാത്രം. ഒട്ടേറെപ്പേര്‍ക്ക് ഒടിപി ലഭിച്ചില്ല. രാവിലെ തന്നെ ആപ് ഹാങ് ആകുകയും ചെയ്തു. ബാറുകളില്‍ രാവിലെ 9നു വിതരണം തുടങ്ങാറായപ്പോഴാണു ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യാന്‍ സംവിധാനമില്ലെന്നു മനസ്സിലാകുന്നത്. ഇതിനു പാസ്വേര്‍ഡ് നല്‍കിയിരുന്നില്ല.

അതോടെ രാവിലെ സമയം ലഭിച്ചവര്‍ക്കും ഉച്ചയ്‌ക്കേ മദ്യം നല്‍കാനായുള്ളൂ. ടോക്കണ്‍ ഇല്ലാതെ മദ്യം വാങ്ങാന്‍ വന്നവരുടെ കൂട്ടവും ഏറെയായിരുന്നു. തിരക്ക് ഒഴിവാക്കാനാണ് ടോക്കണ്‍ ഏര്‍പ്പെടുത്തിയതെങ്കിലും അതും വെറുതെയായി. ബവ്‌റിജസിനു മുന്നില്‍ ക്യൂ കുറവായിരുന്നെങ്കിലും  ബാറുകള്‍ക്ക് മുന്നില്‍ സാമൂഹിക അകലം പോലും പാലിക്കാതെ തിരക്കായിരുന്നു. പലയിടത്തും ടോക്കണ്‍ കിട്ടാതെ വന്നവര്‍ ടോക്കണ്‍ ലഭിച്ചവരെക്കൊണ്ട് ഒരു കുപ്പിയെങ്കിലും വാങ്ങിപ്പിക്കാന്‍ ക്യൂവിനു വട്ടം കൂടി. ടോക്കണില്ലാതെ മദ്യശാലയ്ക്ക് പരിസരത്തെത്തുന്നവരെ അറസ്റ്റ് ചെയ്യുമെന്നുള്ള ഡിജിപിയുടെ നിര്‍ദേശം പൊലീസും കാര്യമായെടുത്തില്ല.