അലകടലായി ഒഴുകിയെത്തി പ്രവര്‍ത്തകര്‍; കർണാടകയില്‍ കോണ്‍ഗ്രസിന്‍റെ ശക്തിപ്രകടനമായി ബെല്ലാരി റാലി

 

ബെല്ലാരി: കർണാടകയിലെ ബിജെപി സർക്കാരിന്‍റെ വിലക്കും നിരോധനവും ലംഘിച്ച് ബെല്ലാരിയെ ആവേശഭരിതമാക്കി പതിനായിരങ്ങൾ പങ്കെടുത്ത കോൺഗ്രസ് റാലിയും പൊതുസമ്മേളനവും. കർണാടകയിൽ കോൺഗ്രസിന്‍റെ ശക്തിപ്രകടനമായി ബെല്ലാരി പൊതുസമ്മേളനം മാറി. കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് രാഹുൽ ഗാന്ധി ഉയർത്തിയത്. പ്രധാനമന്ത്രി രാജ്യത്തെ യുവജനങ്ങളെ വഞ്ചിച്ചെന്നും യുവതയുടെ പ്രശ്നങ്ങൾ കേൾക്കാനും പരിഹരിക്കാനും കേന്ദ്ര സർക്കാർ തയാറാകുന്നില്ലെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.

ഭാരത് ജോഡൊ യാത്രയുടെ ഭാഗമായി കോൺഗ്രസ് ബെല്ലാരിയിൽ നടത്തിയ റാലിയിലും പൊതുയോഗത്തിലും ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. റാലിക്കും പൊതുയോഗത്തിനും കർണാടകയിലെ ബിജെപി സർക്കാർ നൽകിയ അനുമതി റദ്ദാക്കിയെങ്കിലും അതിനെ അവഗണിച്ച് പാർട്ടി പ്രവർത്തകർ ബെല്ലാരി മുൻസിപ്പൽ ഗ്രൗണ്ടിൽ എത്തുകയായിരുന്നു. മുഖ്യമന്ത്രിമാരായ അശോക് ഗെഹലോട്ട്, ഭൂപേഷ് ബാഘൽ, ദിഗ് വിജയ് സിംഗ്, മല്ലികാർജുന്‍ ഖാർഗെ, എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി, മുൻ കർണാടക മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യ, പിസിസി പ്രസിഡന്‍റ് ഡി.കെ ശിവകുമാർ ഉൾപ്പടെയുള്ള നേതാക്കൾ പൊതു സമ്മേളനത്തിൽ സന്നിഹിതരായിരുന്നു.

പ്രധാനമന്ത്രി രാജ്യത്തെ യുവജനങ്ങളെ വഞ്ചിച്ചെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. തൊഴിൽ ഇല്ലാതെ രാജ്യത്തെ യുവജനങ്ങൾ ബുദ്ധിമുട്ടുകയാണ്. അവർ പറയുന്നത് കേൾക്കാൻ പ്രധാനമന്ത്രിയും ഭരിക്കുന്നവരും തയാറാകുന്നില്ലെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. കർഷകർക്ക് അവരുടെ ഉല്പന്നങ്ങൾക്ക് അടിസ്ഥാനവില പോലും ലഭിക്കുന്നില്ല. കേന്ദ്ര സർക്കാർ മൗനം പാലിക്കുകയാണ്. കർഷകർക്ക് അനുകൂലമായ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

എല്ലാ മേഖലയിലും പരാജയപ്പെട്ട സർക്കാരാണ് കേന്ദ്രം ഭരിക്കുന്നത്. ജനക്ഷേമകരമായ ഒരു പ്രവർത്തനവും നടപ്പിലാക്കാൻ കേന്ദ്ര സർക്കാരിന് കഴിയുന്നില്ല. ഭാരത് ജൊഡോ യാത്രയ്ക്ക് സാധാരണക്കാരായ ജനങ്ങൾ മികച്ച പിന്തുണയാണ് നൽകുന്നത്. സാധാരണക്കാരായ ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ട് മനസിലാക്കാൻ സാധിച്ചതായും രാഹുൽ ഗാന്ധി പറഞ്ഞു. തെരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസിന്‍റെ ശക്തിപ്രകടനമായി ബെല്ലാരി റാലി മാറി.

 

 

 

 

 

 

 

 

 

 

 

 

 

Comments (0)
Add Comment