ലോകകപ്പ് ഹോക്കി കിരീടം ബെല്‍ജിയത്തിന്

ചരിത്രത്തില്‍ ഒട്ടേറെ രേഖപ്പെടുത്തലുകളുമായി ബെല്‍ജിയത്തിന് ലോകകപ്പ് ഹോക്കി കിരീടം. ബെല്‍ജിയത്തിന്‍റെ കന്നി ലോകകിരീടമാണിത്.  ഫൈനലില്‍ മൂന്നു തവണ ചാമ്പ്യന്‍മാരായ നെതര്‍ലന്‍ഡ്സിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ 3-2ന് കീഴടക്കിയാണ് ബെല്‍ജിയം കിരീടമണിഞ്ഞത്.  ഹോക്കി ലോകകപ്പിന്‍റെ ചരിത്രത്തിൽ ആദ്യമായാണ് പെനൽറ്റി ഷൂട്ടൗട്ടിലൂടെ വിജയികളെ തീരുമാനിക്കുന്നത്.   ടൂർണമെന്‍റിൽ ഒറ്റ മത്സരം പോലും തോൽക്കാതെയാണ് ബെൽജിയത്തിന്‍റെ കിരീടധാരണം. ഹോക്കി ലോകകപ്പില്‍ കിരീടമുയര്‍ത്തുന്ന ആറാമത്തെ രാജ്യമായി ഇതോടെ ബെല്‍ജിയം.

മത്സരത്തിന്റെ നാലു ക്വാര്‍ട്ടറുകളിലും ഇരു ടീമുകളും ഗോളടിക്കാതെ സമനില പാലിച്ചപ്പോള്‍ മത്സരം കളി പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടു. നിശ്ചിത സമയത്തിന്‍റെ അവസാന നാലു മിനിട്ടില്‍ നെതര്‍ലന്‍ഡ്സ് പടയുടെ അംഗസംഖ്യ 10ലേയ്ക്ക് ചുരുങ്ങി എങ്കിലും  ബെല്‍ജിയത്തിന്‍റെ ആക്രമണം ഫലം കണ്ടില്ല.  ഗോള്‍വല അനക്കാനുള്ള ശ്രമം മാത്രം ഫലിച്ചില്ല.

പിന്നീട് പെനല്‍റ്റി ഷൂട്ടൗട്ടിലെ അഞ്ച് കിക്കുകളില്‍ രണ്ടെണ്ണം വീതം ഇരു ടീമും ഗോളാക്കി. ഇതോടെ മത്സരം സഡന്‍ ഡെത്തിലേക്ക് നീണ്ടു. സഡന്‍ഡെത്തില്‍ നെതര്‍ലന്‍ഡ്സിന്‍റെ ഹെര്‍ട്സ്ബര്‍ഗറിന് ഗോള്‍ നേടാനായില്ല. നാലാം തവണയാണ് ഫൈനലില്‍ നെതര്‍ലന്‍ഡ്സ് കിരീടം കൈവിടുന്നത്.

അതേസമയം, ഇംഗ്ലണ്ടിനെ അക്ഷരാര്‍ത്ഥത്തില്‍ തറപറ്റിച്ചായിരുന്നു ഓസ്ട്രേലിയയുടെ വെങ്കല മെഡല്‍ നേട്ടം.  ഒന്നിനെതിരെ എട്ടു ഗോളുകള്‍ക്കായിരുന്നു ഓസ്ട്രേലിയയുടെ ജയം.

സെമിയില്‍ ഇംഗ്ലണ്ടിനെ എതിരില്ലാത്ത ആറു ഗോളിന് തകര്‍ത്താണ് ബെല്‍ജിയം ഫൈനലിലെത്തിയത്. ഓസ്ട്രേലിയയെ തോല്‍പിച്ചായിരുന്നു നെതര്‍ലന്‍ഡ്സിന്‍റെ ഫൈനല്‍ പ്രവേശനം.

belgiumNetherlandsHockey World Cup 2018
Comments (0)
Add Comment