ഒമാനില്‍ ബീച്ചുകളും പാര്‍ക്കുകളും രണ്ടാഴ്ചത്തേക്ക് അടച്ചു ; ഒത്തുചേരലുകള്‍ക്കും വിലക്ക് ; യാത്രകള്‍ ഒഴിവാക്കാന്‍ നിര്‍ദേശം

Jaihind News Bureau
Thursday, February 11, 2021

മസ്‌കറ്റ് : ഒമാനില്‍ കൊവിഡ് വ്യാപനം തടയാന്‍ വീണ്ടും കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. ഇതനുസരിച്ച്, രാജ്യത്തെ എല്ലാ ബീച്ചുകളും പാര്‍ക്കുകളും ഫെബ്രുവരി 11 മുതല്‍ രണ്ടാഴ്ചത്തേക്ക് അടച്ചു. പൊതുസ്ഥലങ്ങളിലെ ഒത്തുചേരലുകളും ഒമാനില്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.

ഒമാനിലെ, വടക്കന്‍ ഷര്‍ഖിയ ഗവര്‍ണറേറ്റില്‍ വാണിജ്യ സ്ഥാപനങ്ങള്‍ക്ക്, രണ്ടാഴ്ചക്കാലത്തേക്ക് നിയന്ത്രണം പ്രഖ്യാപിച്ചു. രാത്രി ഏഴ് മുതല്‍ പുലര്‍ച്ചെ ആറുമണി വരെയാണിത്. ഒമാന്‍ സുപ്രീം കമ്മിറ്റി ആണ് തീരുമാനം പ്രഖ്യാപിച്ചത്. രാജ്യത്തെ എല്ലാ ബീച്ചുകളും പാര്‍ക്കുകളും വ്യാഴാഴ്ച മുതല്‍ രണ്ടാഴ്ചക്കാലത്തേക്ക് അടച്ചിട്ടു. റസ്റ്റ് ഹൗസുകള്‍, ഫാമുകള്‍, വിന്‍റര്‍ ക്യാംപുകള്‍ തുടങ്ങിയ സ്ഥലങ്ങളിലെ ഒത്തുചേരലുകള്‍ക്കും വിലക്ക് ബാധകമാണ്.

ഫെബ്രുവരി 12 വെള്ളിയാഴ്ച മുതല്‍ വാണിജ്യ കേന്ദ്രങ്ങള്‍, കടകള്‍, മാര്‍ക്കറ്റുകള്‍, റസ്റ്ററന്‍റുകള്‍, കഫേകള്‍, ജിംനേഷ്യം എന്നിവിടങ്ങളില്‍ അമ്പത് ശതമാനം ആളുകള്‍ക്ക് മാത്രമാണ് പ്രവേശനം. രാജ്യത്തിന്‍റെ കര അതിര്‍ത്തികള്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിടാനും നേരത്തെ തീരുമാനിച്ചിരുന്നു. കടല്‍, വ്യോമ അതിര്‍ത്തികള്‍ വഴി രാജ്യത്ത് എത്തുന്ന എല്ലാവര്‍ക്കും ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്‍റീന്‍ നിര്‍ബന്ധമാണ്. ഇതിനായുള്ള ചെലവ് യാത്രക്കാര്‍ വഹിക്കണം. രാജ്യത്തിന് പുറത്തേക്ക്, അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണം. ഇതോടൊപ്പം, വീടുകളിലും സ്വകാര്യ സ്ഥലങ്ങളിലും ആളുകള്‍ ഒത്തുചേരാന്‍ പാടില്ലെന്നും ഒമാന്‍ സുപ്രീം കമ്മിറ്റി അറിയിച്ചു.