പിന്നോട്ടില്ലെന്ന് ബിബിസി; ‘ഇന്ത്യ ദ മോദി ക്വസ്റ്റ്യൻ’ ഡോക്യുമെന്‍ററിയുടെ രണ്ടാം ഭാഗം ചൊവ്വാഴ്ച

Jaihind Webdesk
Saturday, January 21, 2023

 

ന്യൂഡല്‍ഹി: ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതിക്കൂട്ടിൽ നിർത്തുന്ന വിവാദ ഡോക്യുമെന്‍ററിയിൽ നിന്ന് പിന്നോട്ടില്ലെന്ന് ബിബിസി. രണ്ടാം ഭാഗം ചൊവ്വാഴ്ച സംപ്രേഷണം ചെയ്യും. അതേസമയം ജി 20 ഉച്ചകോടി നടക്കാനിരിക്കേ പ്രതിച്ഛായ തകർക്കാൻ ശ്രമമെന്ന് ഇന്ത്യ പ്രതികരിച്ചു. ബ്രിട്ടനെ പ്രതിഷേധം അറിയിക്കും.

പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ചുള്ള ‘ഇന്ത്യ ദ മോദി ക്വസ്റ്റ്യൻ’ ഡോക്യുമെന്‍റെറിയിയാണ് വിവാദത്തിന് വഴിവെച്ചത്. ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള വിവാദ വിഷയങ്ങളില്‍ സര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നുവെങ്കിലും ഇന്ത്യ പ്രതികരിച്ചില്ലെന്ന് ബിബിസി വ്യക്തമാക്കി. ഡോക്യുമെന്‍ററിയില്‍ ബിജെപി നേതാക്കളുടെ അഭിപ്രായം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ബിബിസി വിശദീകരിച്ചിരുന്നു.

രണ്ട് ഭാഗങ്ങളുള്ള ‘ഇന്ത്യ ദ മോദി ക്വസ്റ്റ്യൻ’ ഡോക്യുമെന്‍ററിയുടെ ആദ്യ എപ്പിസോഡ് ചൊവ്വാഴ്ചയാണ് സംപ്രേഷണം ചെയ്തത്. രണ്ടാം ഭാഗം ജനുവരി 24 ന് തന്നെ സംപ്രേഷണം ചെയ്യുമെന്നാണ് ബിബിസി ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.