യെഡ്ഡിയുടെ പിന്‍ഗാമിയായി ബസവരാജ് ബൊമ്മെ; കര്‍ണാടക മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

Jaihind Webdesk
Wednesday, July 28, 2021

ബംഗളുരു : മുന്‍മുഖ്യമന്ത്രി എസ്.ആര്‍ ബൊമ്മയുടെ മകനും മുഖ്യമന്ത്രിസ്ഥാനം രാജിവെച്ച ബി.എസ് യെദിയുരപ്പയുടെ വിശ്വസ്തനുമായ ബസവരാജ് ബൊമ്മെ കര്‍ണാടക മുഖ്യമന്ത്രിയാകും. നിലവിൽ സംസ്ഥാന ആഭ്യന്തരമന്ത്രിയും ലിംഗായത്ത് വിഭാഗത്തില്‍ നിന്നുള്ള നേതാവുമാണ് ബൊമ്മെ. ചൊവ്വാഴ്ച വൈകിട്ട് ചേര്‍ന്ന ബിജെപി എംഎല്‍എമാരുടെ യോഗം ബസവരാജ് ബൊമ്മെയെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു.

പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താന്‍ ബിജെപി ദേശീയ നേതൃത്വം നിയോഗിച്ച കേന്ദ്രമന്ത്രിമാരായ ജി. കിഷന്‍ റെഡ്ഡിയും ധര്‍മേന്ദ്ര പ്രധാനും യോഗത്തിൽ പങ്കെടുത്തു. നിരവധി പേരുകള്‍ മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉയര്‍ന്നിരുന്നുവെങ്കിലും ഒടുവില്‍ യെഡ്ഡിയുടെ വിശ്വസ്തനിലേക്ക് തന്നെ എത്തിച്ചേരുകയായിരുന്നു. കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി, കര്‍ണാടക ഉപമുഖ്യമന്ത്രിമാരായ സി.എന്‍ അശ്വത്ഥ് നാരായണ, ലക്ഷ്മണ്‍ സുവാഡി, ഗോവിന്ദ് കര്‍ജോള്‍, സംസ്ഥാന മന്ത്രി മുരുഗേഷ് നിറാനി, ദേശീയ ജനറല്‍ സെക്രട്ടറിമാരായ ബി.എല്‍ സന്തോഷ്, സി.ടി രവി തുടങ്ങിയവരുടെ പേരുകളാണ് പ്രധാനമായും ഉയര്‍ന്നുകേട്ടിരുന്നത്. ലിംഗായത്ത് വിഭാഗം എന്ന പരിഗണനയും ബൊമ്മെയ്ക്ക് തുണയായി.

ജനതാദളില്‍ നിന്ന് 2008ലാണ് ബസവരാജ് ബൊമ്മെ ബിജെപിയിലെത്തിയത്. പുതിയ മുഖ്യമന്ത്രിക്കൊപ്പം മന്ത്രിസഭയിലും അഴിച്ചുപണികളുണ്ടാകും. വൊക്കലിംഗ വിഭാഗത്തില്‍ നിന്നും പട്ടിക വിഭാഗത്തില്‍ നിന്നുമായി നാല് ഉപമുഖ്യമന്ത്രിമാര്‍ക്ക് സാധ്യതയുണ്ട്. ബൊമ്മെ ഇന്ന് 11 മണിക്ക് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.