പി.വി അന്‍വർ എംഎല്‍എയുടെ വസ്തു ജപ്തി ചെയ്ത് ബാങ്ക്; നടപടി 1.18 കോടിയുടെ വായ്പ തിരിച്ചടയ്ക്കാത്തതില്‍

മലപ്പുറം: പിവി അൻവർ എംഎൽഎയുടെ വസ്തു ജപ്തി ചെയ്ത് ആക്സിസ് ബാങ്ക്.  വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടർന്നാണ് ബാങ്കിന്‍റെ നടപടി. ആക്സിസ് ബാങ്കില്‍ നിന്ന് 1.18 കോടി രൂപ വായ്പ എടുത്തതാണ് അന്‍വര്‍ തിരിച്ചടയ്ക്കാഞ്ഞത്.

പി.വി അന്‍വര്‍ എംഎല്‍എയുടെ 140 സെന്‍റ് സ്ഥലവും വസ്തുവകകളുമാണ് ബാങ്ക് ജപ്തി ചെയ്തത്.  ഏറനാട് താലൂക്കിലെ തൃക്കലങ്ങോട് വില്ലേജിലെ പി.വി അന്‍വറിന്‍റെ പേരിലുളള 140 സെന്‍റ് സ്ഥലമാണ് നടപടിയിലൂടെ ബാങ്ക് കൈവശപ്പെടുത്തിയത്. ഇക്കാര്യം വ്യക്തമാക്കി ബാങ്ക് പത്രപരസ്യവും നല്‍കിയിട്ടുണ്ട്.

ഭൂപരിഷ്‌കരണ നിയമം ലംഘിച്ച് പി.വി അന്‍വറും കുടുംബവും സ്വന്തമാക്കിയ പരിധിയില്‍ കവിഞ്ഞ ഭൂമി തിരിച്ചുപിടിക്കാനുള്ള ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് താമരശേരി ലാന്‍ഡ് ബോര്‍ഡ് ഇതിനായുള്ള നടപടികള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്. ഭൂമി സംബന്ധിച്ച രേഖകളുമായി ഹാജരാകാന്‍ രണ്ടു തവണ നോട്ടീസ് നല്‍കിയിട്ടും അന്‍വര്‍ എത്തിയിരുന്നില്ല.

അതേസമയം പിവി അന്‍വര്‍ എംഎല്‍എയുടെ ഭാര്യാപിതാവിന്‍റെ റോപ് വേ പൊളിച്ചുനീക്കാന്‍ നടപടി തുടങ്ങിയത് കഴിഞ്ഞ ദിവസമാണ്. റസ്റ്റോറന്‍റിനുള്ള അനുമതിയുടെ മറവില്‍ ചീങ്കണ്ണിപ്പാലിയിലെ വിവാദതടയണയ്ക്ക് കുറുകെ എംഎല്‍എയുടെ ഭാര്യാപിതാവ് സികെ അബ്ദുല്‍ ലത്തീഫ് നിയമവിരുദ്ധമായി കെട്ടിയ റോപ് വേ രണ്ടുമാസത്തിനകം പൊളിച്ചുനീക്കണമെന്ന് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ ഓംബുഡ്‌സ്മാന്‍ ജസ്റ്റിസ് പി.എസ് ഗോപിനാഥന്‍ ഉത്തരവിട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഊര്‍ങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് പൊളിക്കല്‍ തുടങ്ങിയത്. പരാതിക്കാരനായ നിലമ്പൂര്‍ സ്വദേശി എം.പി വിനോദ് നടത്തിയ അഞ്ച് വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് റോപ് വേ പൊളിക്കുന്നത്.

Comments (0)
Add Comment