ബംഗ്ലാദേശിൽ ഷെയ്ഖ് ഹസീന വീണ്ടും അധികാരത്തിലേക്ക്. 281 സീറ്റുകളോടെയാണ് അവാമി ലീഗ് അധികാരത്തിലേക്കെത്തുന്നത്. തെരഞ്ഞെടുപ്പ് വേണമെന്ന ആവശ്യവുമായി പ്രതിപക്ഷപാർട്ടികൾ രംഗത്തെത്തി. അതേ സമയം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘർഷങ്ങളിൽ 12 പേർ പേര്‍ മരിച്ചു.
281 സീറ്റുകളുടെ വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് ഹസീനയുടെ പാർട്ടി അവാമി ലീഗ് അധികാരത്തിലേക്കെത്തുന്നത്. പ്രതിപക്ഷ സഖ്യത്തെ ബഹുദൂരം പിന്നിലാക്കിയാണ് അവാമി ലീഗിന്‍റെ മുന്നേറ്റം. ഇതോടെ നാല് തവണ പ്രധാനമന്ത്രിയാകുന്ന റെക്കോഡ് ഹസീനയ്ക്ക് സ്വന്തമാകും. ഭരണം പിടിച്ചെടുക്കാൻ മുൻ പ്രധാനമന്ത്രി ഖാലിദ സിയയും നിലനിർത്താൻ ഷെയ്ഖ് ഹസീനയും തമ്മിലായിരുന്നു മത്സരം. ഒരു അഴിമതി കേസിൽ ശിക്ഷിക്കപ്പെട്ട് 10 വർഷത്തെ ജയിൽ ശിക്ഷ അനുഭവിക്കുകയാണ് ഖാലിദ് സിയ. ജയിലിൽനിന്നാണ് ഖാലിദ് സിയ തെരഞ്ഞെടുപ്പിനെ നേരിട്ടത്.
6 ലക്ഷം സുരക്ഷാ ഉദ്യോഗസ്ഥരെ അണിനിരത്തിയായിരുന്നു തെരഞ്ഞെടുപ്പ് നടന്നതെങ്കിലും വലിയ രീതിയിലുള്ള ആക്രമങ്ങളാണ് ബംഗ്ലാദേശിൽ നടന്നത്. തെരഞ്ഞെടുപ്പ് ദിനത്തിലെ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് 12 പേര്‍ കൊല്ലപ്പെട്ടതായാണ് പുറത്തുവരുന്ന കണക്കുകള്‍. അവാമി ലീഗിന്‍റെയും പ്രതിപക്ഷമായ ഖാലിദ സിയയുടെ ബംഗ്ലദേശ് നാഷനൽ പാർട്ടിയുടെയും പ്രവർത്തകർ തമ്മിൽ തെരഞ്ഞെടുപ്പ് പ്രചരണസമയത്തുണ്ടായ സംഘർഷങ്ങളിൽ രാജ്യത്താകെ 13 പേർ കൊല്ലപ്പെട്ടിരുന്നു, പ്രധാന നേതാക്കൾ രംഗത്തില്ലാതെയായിരുന്നു ബി.എൻ.പിയുടെ തിരഞ്ഞെടുപ്പ് പോരാട്ടം. 1971ൽ പാക്കിസ്ഥാനിൽനിന്നു സ്വാതന്ത്ര്യം നേടിയശേഷം നടന്ന 11ാമത്തെ പൊതു തെരഞ്ഞെടുപ്പാണിത്. അതേസമയം അധികാര ദുർവിനിയോഗം നടത്തിയാണ് ഷെയ്ഖ് ഹസീന തിരഞ്ഞെടുപ്പിനെ നേരിട്ടതെന്നും വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷപാർട്ടികൾ രംഗത്തെത്തി.