ദിവ്യ സ്പന്ദനയ്ക്ക് ഏഷ്യാനെറ്റും സുവര്‍ണ ന്യൂസും 50 ലക്ഷം നഷ്ടപരിഹാരം നല്‍കണം

Jaihind Webdesk
Wednesday, May 8, 2019

കോൺഗ്രസ് നേതാവും ചലച്ചിത്ര താരവുമായ ദിവ്യ സ്പന്ദനയ്ക്ക് ഏഷ്യാനെറ്റും സുവർണ ന്യൂസും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി ഉത്തരവ്. 2013 ലെ ഐ.പി.എല്‍ മത്സരങ്ങളുമായി ബന്ധപ്പെടുത്തി അപകീര്‍ത്തികരമായ വാര്‍ത്ത സംപ്രേഷണം ചെയ്തതിനെതിരെ ദിവ്യ സ്പന്ദന മാനനഷ്ടക്കേസ് നല്‍കിയിരുന്നു. ബംഗളുരു അഡിഷണൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയുടേതാണ് ഉത്തരവ്.

2013ലെ ഐ.പി.എൽ മത്സരങ്ങളിൽ നടന്ന വാതുവെപ്പുമായി ദിവ്യ സ്പന്ദനയ്ക്ക് ബന്ധമുണ്ടെന്ന തരത്തിൽ ഏഷ്യാനെറ്റിന്‍റെ ഉടമസ്ഥതയിലുള്ള സുവര്‍ണ ന്യൂസ് ചാനല്‍ വാര്‍ത്ത നല്‍കിയിരുന്നു. 2013 മെയില്‍ നല്‍കിയ വാർത്തയില്‍ ബാംഗ്ളൂർ റോയൽ ചലഞ്ചേഴ്സിന്‍റെ ബ്രാൻഡ് അംബാസിഡറായിരുന്ന ദിവ്യയുടെ ചിത്രവും  നൽകിയിരുന്നു. ഇതിനെതിരെ ദിവ്യ കോടതിയെ സമീപിക്കുകയായിരുന്നു. സുവര്‍ണ ന്യൂസ്  50 ലക്ഷം രൂപ നഷ്ടപരിഹാരമായി ദിവ്യക്ക്  നല്‍കണമെന്ന് ബംഗളുരു അഡീഷണൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി വിധിച്ചു. സ്പോട്ട് ഫിക്സിംഗ്, മാച്ച് ഫിക്സിംഗ് തുടങ്ങിയ വിവാദങ്ങളിൽ ദിവ്യ സ്പന്ദനയുടെ പേര് പരാമർശിക്കുന്ന ഒരു വാർത്തയും നൽകരുതെന്നും കോടതി ഉത്തരവില്‍ നിര്‍ദേശിച്ചു.

സുവര്‍ണ ന്യൂസ് വാര്‍ത്തയിലെ ആരോപണവുമായി ദിവ്യ സ്പന്ദനയ്ക്ക് ഒരു വിധത്തിലും ബന്ധമില്ലെന്ന് കോടതി കണ്ടെത്തി. തുടര്‍ന്നാണ്  ഏഷ്യാനെറ്റും സുവര്‍ണ ന്യൂസും നഷ്ടപരിഹാരം നല്‍കണമെന്ന് നിര്‍ദേശിച്ച് കോടതി ഉത്തരവിട്ടത്.