ഇന്ത്യന്‍ സിവിലിയന്‍ കേന്ദ്രങ്ങളിലും സൈനിക താവളങ്ങളിലും പാകിസ്ഥാന്‍ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ നടത്തി പരാജയപ്പെടുമ്പോള്‍ തന്നെ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ ബലൂച് വിമതര്‍ പാക് സുരക്ഷാ സേനയ്ക്കെതിരായ ആക്രമണം ശക്തമാക്കിയിരിക്കുന്നു. കുറഞ്ഞത് മൂന്ന് ബലൂച് പോരാളി സംഘങ്ങള്‍ പാകിസ്ഥാന്റെ പടിഞ്ഞാറന്‍ പ്രവിശ്യയായ ബലൂചിസ്ഥാന്റെ പല ഭാഗങ്ങളുടെയും നിയന്ത്രണം പിടിച്ചെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. നിരവധി വിമത ഗ്രൂപ്പുകളും പാക് സൈന്യവും തമ്മിലുള്ള പോരാട്ടം രൂക്ഷമാവുകയും ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യത്തിനായുള്ള മുറവിളി ഉച്ചത്തിലാവുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഈ നിര്‍ണായക സംഭവവികാസങ്ങള്‍. പാകിസ്ഥാന്റെ പതാകകള്‍ വലിച്ചെറിഞ്ഞ് ബലൂച് ജനത സ്വന്തം പതാകകള്‍ ഉയര്‍ത്തുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
വ്യാഴാഴ്ച ബലൂചിസ്ഥാനിലുടനീളം പാക് സുരക്ഷാ സേനയ്ക്കും അവരുടെ സ്വത്തുക്കള്‍ക്കുമെതിരെ ബലൂച് സ്വാതന്ത്ര്യാനുകൂല ഗ്രൂപ്പുകള്‍ ഏകോപിത ആക്രമണങ്ങള്‍ നടത്തിയതായി വിശ്വസനീയമായ ഹാന്‍ഡിലുകളില്‍ നിന്നുള്ള വാര്‍ത്തകളും പോസ്റ്റുകളും വ്യക്തമാക്കുന്നു. കഴിഞ്ഞ ഒരാഴ്ചയായി ബലൂചിസ്ഥാനിലെ പാക് ഭരണകൂടത്തിനെതിരായ ആക്രമണങ്ങള്‍ക്ക് ശക്തി കൂടിയിട്ടുണ്ട്. ‘ഓപ്പറേഷന്‍ സിന്ദൂറി’ന്റെ ഭാഗമായി ഇന്ത്യ ഭീകര ക്യാമ്പുകളില്‍ നടത്തിയ ആക്രമണത്തിന് മറുപടി നല്‍കുന്നതില്‍ ഇസ്ലാമാബാദ്-റാവല്‍പിണ്ടി ഭരണകൂടം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുമ്പോഴാണ് ഈ ആക്രമണങ്ങള്‍ എന്നതും ശ്രദ്ധേയമാണ്.
‘ബലൂച് ജനത സ്വന്തം പതാകകള്‍ ഉയര്‍ത്താനും പാകിസ്ഥാന്റെ പതാകകള്‍ താഴ്ത്താനും തുടങ്ങിയിരിക്കുന്നു. ലോകരാജ്യങ്ങള്‍ പാകിസ്ഥാനില്‍ നിന്ന് നയതന്ത്രകേന്ദ്രങ്ങള്‍ പിന്‍വലിച്ച് പുതുതായി രൂപപ്പെടുന്ന ബലൂചിസ്ഥാന്‍ രാജ്യത്തേക്ക് മാറ്റാന്‍ തയ്യാറാകേണ്ട സമയമാണിത്. പാകിസ്ഥാന് വിട, ബലൂചിസ്ഥാനിലേക്ക് സ്വാഗതം,’ എന്ന് ബലൂച് എഴുത്തുകാരന്‍ മിര്‍ യാര്‍ ബലൂച് എക്സില്‍ കുറിച്ചു.
ബലൂചിസ്ഥാനിലെ സ്ഥിതിഗതികള്‍, പ്രത്യേകിച്ച് രാത്രികാലങ്ങളില്‍, പാകിസ്ഥാന്റെ കേന്ദ്രസര്‍ക്കാരിനും സൈന്യത്തിനും നിയന്ത്രണം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് മുന്‍ പാക് പ്രധാനമന്ത്രി ഷാഹിദ് ഖാഖാന്‍ അബ്ബാസി ദിവസങ്ങള്‍ക്ക് മുമ്പ് പറഞ്ഞിരുന്നു. സുരക്ഷാ അകമ്പടിയില്ലാതെ ബലൂചിസ്ഥാനില്‍ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും മന്ത്രിമാര്‍ക്കും സഞ്ചരിക്കാന്‍ കഴിയില്ലെന്ന് അബ്ബാസി പറഞ്ഞു. ബലൂചിസ്ഥാനിലെ കലാപത്തിന്റെ വ്യാപ്തിയെക്കുറിച്ചുള്ള സൈനിക മേധാവി അസിം മുനീറിന്റെ വാദങ്ങളെയും അബ്ബാസി ചോദ്യം ചെയ്തിരുന്നു.
ബലൂചിസ്ഥാനിലെ സ്ഥിതിഗതികളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയ മുന്‍ പാക് പ്രധാനമന്ത്രി അബ്ബാസി പറഞ്ഞത്, ‘ഇതൊരു ക്രമസമാധാന തകര്‍ച്ചയല്ല. ഭരണകൂടത്തിന്റെ അധികാരം ക്ഷയിക്കുന്നതിന്റെ സൂചനയാണിത്’ എന്നാണ്. ‘അസിം മുനീര്‍ എന്തുതന്നെ പറഞ്ഞാലും അത് അദ്ദേഹത്തിന്റെ അഭിപ്രായമാണ്, ഞാന്‍ കണ്ടത് മാത്രമാണ് ഞാന്‍ പറയുന്നത്’ എന്നും അബ്ബാസി വ്യക്തമാക്കിയിരുന്നു.
ഇതിന് തെളിവെന്നോണം, മെയ് 6 ന് ബലൂചിസ്ഥാനിലെ ബോലാനിലും കേച്ചിലുമായി നടന്ന രണ്ട് വ്യത്യസ്ത ആക്രമണങ്ങളില്‍ പാക് സൈന്യത്തിലെ 14 സൈനികരെ ബിഎല്‍എ വധിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു.