പാക്കിസ്ഥാനില്‍ തീവ്രവാദി ആക്രമണം. തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ബലൂചിസ്ഥാനില്‍ നാനൂറിലേറെ യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന ഒരു പാസഞ്ചര്‍ ട്രെയിന്‍ തീവ്രവാദികള്‍ തട്ടിയെടുത്തു. എല്ലാ യാത്രക്കാരെയും ബന്ദികളാക്കി. ബലൂച് ലിബറേഷന്‍ ആര്‍മിയാണ് ട്രെയിന്‍ തട്ടിയെടുത്തത്. 6 പാക്കിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെട്ടതായാണ് വിവരം. പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ക്വറ്റയില്‍നിന്ന് പെഷവാറിലേക്ക് പോവുകയായിരുന്ന ജാഫര്‍ എക്‌സ്പ്രസാണ് തീവ്രവാദികള്‍ തട്ടിയെടുത്തത് . സൈനിക നടപടി നടത്തിയാല്‍ എല്ലാ ബന്ദികളെയും വധിക്കുമെന്നാണ് തീവ്രവാദികളുടെ മുന്നറിയിപ്പ് .
ട്രെയിനില്‍ ഏകദേശം 450 യാത്രക്കാര്‍ ഉണ്ടെന്നാണ് അറിയുന്നത്. ഇവരില്‍ പാകിസ്ഥാന്‍ സൈന്യത്തിലേയും പോലീസ്, തീവ്രവാദ വിരുദ്ധ സേനയിലേയും കൂടാതെ ഇന്റര്‍-സര്‍വീസസ് ഇന്റലിജന്‍സ് എന്നിവയിലെ ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു. ഇവരെല്ലാം അവധിയില്‍ പഞ്ചാബിലേക്ക് യാത്ര ചെയ്തവരാണ്. പാക്കിസ്ഥാന്‍ സൈന്യം സൈനിക നടപടികള്‍ ആരംഭിച്ചാല്‍ ബന്ദികളെ കൊല്ലുമെന്നാണ് ബലൂച് ലിബറേഷന്‍ ആര്‍മി വക്താവ് ജിയാന്‍ഡ് ബലൂച്ചിന്റ ഭീഷണി. ഒരു തുരങ്കത്തിനടുത്തു വച്ചാണ് ആയുധധാരികളായവര്‍ ട്രെയിന്‍ തടഞ്ഞത്. പര്‍വതങ്ങളാല്‍ ചുറ്റപ്പെട്ട പ്രദേശത്തെ തുരങ്കത്തിനടുത്ത് ട്രെയിന്‍ കുടുങ്ങിക്കിടക്കുകയാണെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ട്രെയിനിനു നേരെ വെടിവയ്പ്പുണ്ടായതായും വിവരമുണ്ട്. .
ജാഫര്‍ എക്‌സ്പ്രസ് ട്രെയിന്‍ പാളം തെറ്റിച്ച ശേഷം അതിന്റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു എന്നാണ് വിവരം. ട്രെയിനിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരും ബന്ദികളാക്കപ്പെട്ടു. സംഭവത്തില്‍ ആറ് സൈനികര്‍ കൊല്ലപ്പെട്ടതായി തീവ്രവാദികള്‍ അവകാശപ്പെടുന്നു. ഒരു മരണവും ഇതുവരെ ബലൂച്ച് ഉദ്യോഗസ്ഥരോ റെയില്‍വേയോ സ്ഥിരീകരിച്ചിട്ടില്ല. പാക് സുരക്ഷാ സേന സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്, പ്രതിരോധ പ്രവര്‍ത്തനത്തിന് ഇവര്‍ തയ്യാറെടുക്കുകയാണ്. എന്നാല്‍ ട്രെയിനിന്റെ 9 കോച്ചിലുള്ള ഏതെങ്കിലും യാത്രക്കാരുമായോ ജീവനക്കാരുമായോ ഇതുവരെ ഒരു ബന്ധവും സ്ഥാപിച്ചിട്ടില്ലെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ബലൂച് മേഖലയ്ക്ക് സ്വയംഭരണാവകാശം തേടുന്ന തീവ്രവാദ വിഘടനവാദ ഗ്രൂപ്പായ ബലൂച് ലിബറേഷന്‍ ആര്‍മിയാണ് ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുന്നത്.
(ബിഎല്‍എ), തങ്ങള്‍ ബന്ദികളാക്കുന്നത് പാകിസ്ഥാന്‍ സൈനിക ഉദ്യോഗസ്ഥരും മറ്റ് സുരക്ഷാ ഏജന്‍സികളിലെ അംഗങ്ങളുമാണെന്ന് അവകാശപ്പെട്ടു.പാകിസ്ഥാനില്‍ നിന്ന് ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യത്തിനായി വാദിക്കുന്ന വിവിധ ബലൂച് പ്രതിരോധ ഗ്രൂപ്പുകള്‍ പാകിസ്ഥാനും ചൈനയ്ക്കുമെതിരെ പുതിയ ആക്രമണം ശക്തമാക്കുകയും ബലൂച് നാഷണല്‍ ആര്‍മി എന്ന പേരില്‍ ഒരു ഏകീകൃത സംഘടന പ്രഖ്യാപിക്കുകയും ചെയ്തതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ആക്രമണം.