കണ്ണൂർ: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ കൊടി സുനി ഒഴികെയുള്ള പ്രതികൾക്ക് പരോൾ അനുവദിച്ചു. 10 പ്രതികൾക്കാണ് പരോൾ അനുവദിച്ചത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിന്‍വലിച്ചതിന് പിന്നാലെയാണ് നടപടി. അതേസമയം സ്വാഭാവിക നടപടിയാണെന്ന വിചിത്ര വിശദീകരണവുമായി ജയില്‍ വകുപ്പ് രംഗത്തെത്തി . 60 ദിവസത്തെ സാധാരണ പരോളിനും 45 ദിവസത്തെ പ്രത്യേക പരോളിനും ഇവര്‍ക്ക് അര്‍ഹതയുണ്ടെന്നും ഇതനുസരിച്ചുള്ള അപേക്ഷയിലാണ് ജയില്‍ ഉപദേശക സമിതിയുടെ തീരുമാനമെന്നും ജയില്‍ വകുപ്പ് പറയുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ ഇവരുടെ പരോള്‍ അപേക്ഷ ജയില്‍ ഉപദേശക സമിതി അംഗീകരിച്ചിരുന്നു.
കൊടി സുനി നിലവിൽ തവനൂർ ജയിലിലാണ്. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം ടി.പി. വധക്കേസ് പ്രതികൾക്ക് പരോൾ ലഭിച്ചത് 2013 ദിവസമാണെന്നു സർക്കാർ നിയമസഭയിൽ 2022-ൽ വെളിപ്പെടുത്തിയിരുന്നു. തടവുകാലത്തെ ആശുപത്രിവാസത്തിനു പുറമെയാണ് 11 പ്രതികൾക്കു പല തവണയായി 6 മാസത്തോളം പരോൾ ലഭിച്ചത്. പ്രതികളായ മനോജ്, രജീഷ്, മുഹമ്മദ് ഷാഫി, സിജിത്ത്, സിനോജ് എന്നിവര്‍ ഉള്‍പ്പെടെയുള്ളവർക്കാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഇപ്പോള്‍ പരോള്‍ അനുവദിച്ചിരിക്കുന്നത്.