സരിതയുടെ ഒത്താശയിലും പിന്‍വാതില്‍ നിയമനം ; ആരോഗ്യ കേരളം പദ്ധതിയില്‍‍ നാലുപേരെ തിരുകിക്കയറ്റി ; തെളിവുകള്‍ പുറത്ത് | Video

 

തിരുവനന്തപുരം : പിണറായി സര്‍ക്കാരിന്‍റെ തൊഴില്‍ തട്ടിപ്പിന്‍റെ വ്യാപ്തി പുതിയ തലങ്ങളിലേക്ക്. സി.പി.എം നേതാക്കളുടെ ഭാര്യമാർക്കും ബന്ധുക്കള്‍ക്കും മാത്രമല്ല, സോളാർ കേസിലെ പ്രതി സരിത എസ് നായരുടെ ഒത്താശയിലും പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തി എന്നതിന്‍റെ തെളിവുകള്‍ പുറത്തുവന്നു. ആരോ​ഗ്യകേരളം പദ്ധതിയിൽ നാല് പേർക്ക് ജോലി വാങ്ങി നൽകിയെന്ന് സരിത പറയുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്.

പിണറായി സര്‍ക്കാരിന്‍റെ പിന്‍വാതില്‍ നിയമനങ്ങള്‍ വലിയ വിവാദമായിരിക്കുന്നതിനിടെയാണ് ഇപ്പോള്‍ സരിതയുടെ വെളിപ്പെടുത്തല്‍. സർക്കാരിന്‍റെ ആരോഗ്യകേരളം പദ്ധതിയില്‍ നാലുപേരെ പ്രവേശിപ്പിച്ചതായി സരിത ഫോണ്‍ സംഭാഷണത്തില്‍ പറയുന്നു. ജോലി കിട്ടുന്നവരും കുടുംബങ്ങളും പാർട്ടിക്കുവേണ്ടി നിൽക്കുമെന്നാണ് ധാരണ. രാഷ്ട്രീയക്കാരും ഉദ്യോ​ഗസ്ഥരുമാണ് നിയമനത്തിന് സഹായിക്കുന്നതെന്ന് സരിത ശബ്ദസന്ദേശത്തില്‍ പറയുന്നു. സരിത ഉൾപ്പെട്ട തൊഴിൽതട്ടിപ്പ് കേസിലെ പരാതിക്കാരനായ അരുണിനോടുള്ള ഫോൺ സംഭാഷണത്തിലാണ് സരിത ഇക്കാര്യങ്ങള്‍ പറയുന്നത്.

തൊഴില്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് നേരത്തെ സരിതക്കെതിരെ രണ്ട് പരാതികള്‍ നിലവിലുണ്ട്. ബിവറേജസ് കോർപറേഷന്‍, കെ.ടി.ഡി.സി എന്നീ പൊതുമേഖല സ്ഥാപനങ്ങളിൽ ജോലി വാദ്ഗാനം ചെയ്ത് ഇടനിലക്കാർ മുഖേന സരിത 16 ലക്ഷത്തിലധികം രൂപ വാങ്ങിയെന്നാണ് പരാതി. പണം നല്‍കിയവർക്ക് നിയമന ഉത്തരവും പ്രതികള്‍ നല്‍കിയിരുന്നു. അതേസമയം തൊഴില്‍ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെന്ന പരാതിയില്‍ സരിതക്കെതിരെ കേസെടുത്തിട്ടും പൊലീസ് നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

പിണറായി ഭരണത്തില്‍ പിന്‍വാതില്‍ നിയമനങ്ങളുടെ നിരവധി കണക്കുകളാണ് ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. സി.പി.എം നേതാക്കളുടെ ഭാര്യമാർക്കും ബന്ധുക്കള്‍ക്കും അനധികൃതമായി നിയമനം നല്‍കുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് സർക്കാരിനെതിരെ ഉയരുന്നത്. തുടർഭരണം ലഭിക്കില്ലെന്ന് മനസിലായതോടെയാണ് പാർട്ടി അനുഭാവികളെയും ബന്ധുക്കളെയും ഇഷ്ടക്കാരെയും സർക്കാർ വഴിവിട്ട രീതിയില്‍ തിരുകിക്കയറ്റുന്നത്.

Comments (0)
Add Comment