പിന്‍വാതില്‍ നിയമനം : യൂത്ത് കോണ്‍ഗ്രസ് മാർച്ചിന് നേരെ പൊലീസ് ലാത്തിച്ചാർജ്, ജലപീരങ്കി

Jaihind News Bureau
Tuesday, February 9, 2021

തിരുവനന്തപുരം : സർക്കാരിന്‍റെ പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന പി.എസ്.സി ഉദ്യോഗാർത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിന് നേരെ പൊലീസ് അതിക്രമം. സമരക്കാർക്ക് നേരെ പൊലീസ് ലാത്തിച്ചാർജും ജലപീരങ്കിയും പ്രയോഗിച്ചു.

സർക്കാരിന്‍റെ പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. സെക്രട്ടറിയേറ്റിന് മുന്നില്‍ പി.എസ്.സി ഉദ്യോഗാർത്ഥികളുടെ പ്രതിഷേധം തുടരുകയാണ്. നിരവധി ഉദ്യോഗാർത്ഥികള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ആത്മഹത്യാ ഭീഷണി  മുഴക്കി. ഉദ്യോഗാർത്ഥികളെ . പി.എസ്.സിയെ നോക്കുകുത്തിയാക്കി യുവാക്കളുടെ ജീവിതം തന്നെ ചോദ്യചിഹ്നമാക്കുന്ന സർക്കാർ നടപടിക്കെതിരായ പ്രതിഷേധത്തിന് ഐക്യദാർഢ്യവുമായാണ് യൂത്ത് കോണ്‍ഗ്രസ്  സെക്രട്ടേറിയറ്റ് മാർച്ച് നടത്തിയത്. എന്നാല്‍ മാർച്ചിനെ അടിച്ചമർത്താനായിരുന്നു പൊലീസ് ശ്രമം. പ്രതിഷേധക്കാർ മുഖ്യമന്ത്രി പിണറായി വിജയന്‍റെ കോലം കത്തിച്ചു. മുദ്രാവാക്യം വിളിച്ചെത്തിയ പ്രവര്‍ത്തകരും പൊലീസുമായി വാക്കേറ്റമുണ്ടായി. തുടർന്ന് പൊലീസ് അക്രമം അഴിച്ചുവിടുകയായിരുന്നു. ലാത്തിച്ചാർജിലും ജലപീരങ്കിയിലും നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു.

തുടർഭരണം ലഭിക്കില്ലെന്ന് ഉറപ്പായതോടെ പാർട്ടി നേതാക്കളുടെ ഭാര്യമാരെയും ബന്ധുക്കളെയും അനുഭാവികളെയും വിവിധ തസ്തികകളില്‍ അനധികൃതമായി സ്ഥിരപ്പെടുത്തുകയും തിരുകിക്കയറ്റുകയും ചെയ്യുന്ന തിരക്കിലാണ് പിണറായി സർക്കാർ. പിണറായി ഭരണത്തില്‍ തൊഴിലിനായി സമരമല്ലാതെ മറ്റ് വഴിയില്ലെന്ന ഗതികേടിലാണ് ഉദ്യോഗാർത്ഥികള്‍.