
പാലത്തുംകടവില്‍ ജനവാസ മേഖലയിലിറങ്ങി കറവപ്പശുക്കളെ കൊന്നൊടുക്കിയ കടുവയെ വനപാലകര്‍ പിടികൂടി. വെള്ളിയാഴ്ച രാത്രി പന്ത്രണ്ടോടെയാണ് പത്ത് വയസ്സ് പ്രായം തോന്നിക്കുന്ന കടുവ വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങിയത്. തുടര്‍ന്ന് പുലര്‍ച്ചെയോടെ കടുവയെ വയനാട് കടുവാ സങ്കേതത്തിലേക്ക് കൊണ്ടുപോയി.
വ്യാഴാഴ്ച രാത്രിയാണ് പാലത്തുംകടവിലെ പുല്ലാട്ടുകുന്നേല്‍ രൂപേഷ് രാഘവന്റെയും അമ്മ സരസുവിന്റെയും ഫാമിലെ നാല് പശുക്കളെ കടുവ ആക്രമിച്ച് കൊന്നത്. രണ്ട് കറവപ്പശുക്കളും ഗര്‍ഭിണിയായ പശുവും ഉള്‍പ്പെടെയായിരുന്നു ഇത്. ഇരയെ തിന്നാന്‍ കടുവ വീണ്ടും എത്തുമെന്ന നിഗമനത്തില്‍, കൊല്ലപ്പെട്ട പശുക്കളുടെ ജഡം വെച്ച് വനംവകുപ്പ് തൊഴുത്തിന് സമീപം കെണിയൊരുക്കുകയായിരുന്നു. രാത്രിയോടെ മടങ്ങിയെത്തിയ കടുവ കൃത്യമായി കൂട്ടില്‍ അകപ്പെട്ടു. തൊഴുത്തിന്റെ പുല്‍ക്കൂട് വഴി അകത്തുകയറിയ കടുവ പശുക്കളെ ആക്രമിച്ച ശേഷം അവിടെ തളംകെട്ടിക്കിടന്ന രക്തത്തിലും ചാണകവെള്ളത്തിലും ചവിട്ടിയിരുന്നു. ഈ കാല്‍പ്പാടുകള്‍ പരിശോധിച്ചാണ് ആക്രമണം നടത്തിയത് കടുവയാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചത്.