കിഫ്ബി പദ്ധതികളുടെ പ്രചരണ- ബോധവൽക്കരണ പരിപാടികൾക്ക് തുടക്കം

Jaihind News Bureau
Saturday, December 21, 2019

കിഫ്ബി പദ്ധതികളുടെ പ്രചരണ- ബോധവൽക്കരണ പരിപാടികൾക്ക് തിരുവനന്തപുരത്ത് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയൻ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. മന്ത്രിമാരായ തോമസ് ഐസ്സക്ക്, കടകംപള്ളി സുരേന്ദ്രൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.കിഫ്ബി പദ്ധതികൾ സംബന്ധിച്ച് വിപുലമായ പരിപാടികളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.

കിഫ്ബി പദ്ധതികൾ വിശദീകരിക്കാനുള്ള സർക്കാരിന്റെ ബോധവൽക്കരണ പരിപാടിയാണ് കേരള നിർമ്മിതി. വികസന പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന പ്രദർശനങ്ങൾ ജില്ലകൾതോറും സംഘടിപ്പിക്കും. സർക്കാർ നടത്തുന്നതും ഏറ്റെടുക്കാൻ പോകുന്നതുമായ വികസനപദ്ധതികൾ ജനങ്ങളെ നേരിട്ട് അറിയിക്കാനാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. പരുപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.

അടിസ്ഥാന സൗകര്യവികസനത്തിൽ രാജ്യത്തിന് തന്നെ മാതൃകയായ പദ്ധതികളെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കാനാണ് പ്രദർശനമെന്ന് ധനമന്ത്രി തോമസ് ഐസക്ക് അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.

45,619 കോടി രൂപയുടെ 591 പദ്ധതികൾക്കാണ് കിഫ്ബി അനുമതി നൽകിയത്. ഇതിൽ 121 പദ്ധതികൾ തിരുവനന്തപുരം ജില്ലയിലാണ്. ഈ വർഷം 4500 കോടി രൂപയുടെ പ്രവർത്തനങ്ങളാണ് നടക്കുന്നത്. അടുത്തവർഷം 15,000 കോടിയുടെ പ്രവർത്തനങ്ങൾ നടത്തും.പ്രധാന പദ്ധതികളുടെ ത്രിമാന – വെർച്വൽ പ്രദർശനങ്ങൾ ഒരുക്കിയിറ്റുണ്ട്. സ്‌കൂൾ – കോളേജ് വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരങ്ങളും ഇത്തരം പ്രദർശനങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. റോഡ് നിർമ്മാണത്തിലെ ഗുണനിലവാരം പരിശോധിക്കുന്ന ഓട്ടോ ലാബ് അടക്കമുള്ളവ പ്രദർശനത്തിൽ ഒരുക്കിയിട്ടുണ്ട്. തുടർന്ന് ജില്ലാ തലത്തിലും പ്രചരണ പരിപാടികൾ നടക്കും.

https://www.youtube.com/watch?v=Y1v-8L64LO4