കെ ഫോണിന് പിന്നിലും അവതാരങ്ങള്‍: വിവാദ കമ്പനികളായ എസ്ആർഐടിക്കും പ്രിസാഡിയോയ്ക്കും വേണ്ടി ടെണ്ടർ നടപടികള്‍ അട്ടിമറിച്ചു; രേഖകള്‍ പുറത്ത്

Jaihind Webdesk
Saturday, June 3, 2023

 

തിരുവനന്തപുരം: കെ ഫോണിന് പിന്നിലും അവതാരങ്ങള്‍.കെ ഫോണിന് ആവശ്യമായ ഐഎസ്പി ഹാർഡ്‌വെയറും സോഫ്റ്റ്‌വെയറും വാങ്ങുന്നതിനുള്ള കോടികളുടെ ടെണ്ടർ അട്ടിമറിച്ചത് എഐ ക്യാമറ ഇടപാടിന് പിന്നിലെ വിവാദ കമ്പനികളായ എസ്ആര്‍ഐടിയും (SRIT)  പ്രിസോഡിയും (PRESADIO) ചേര്‍ന്ന്. ഫിനാന്‍ഷ്യല്‍ ബിഡ് ഓപ്പണ്‍ ചെയ്ത ശേഷം എസ്ആര്‍ഐടി സേവനദാതാക്കളായ റെയില്‍ ടെല്‍ കോര്‍പ്പറേഷന് കരാര്‍ ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് അട്ടിമറി നടന്നത്. കോടികളുടെ കരാര്‍ എസ്ആർഐടിക്ക് അനുകൂലമാകത്തതിനാൽ അട്ടിമറിക്കപ്പെട്ട രേഖകളാണ് പുറത്തു വന്നിരിക്കുന്നത്. ഇതിന്‍റെ രേഖകള്‍ ജയ്ഹിന്ദ് ടിവിക്ക് ലഭിച്ചു.

സിറ്റ്‌സ ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്, റെയില്‍ടെല്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, അക്ഷര എന്‍റര്‍പ്രൈസസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നീ മൂന്ന് കമ്പനികളാണ് കരാര്‍ സ്വന്തമാക്കാനായി രംഗത്തുണ്ടായിരുന്നത്.
5 ലക്ഷം രൂപ അടച്ച് ഡീറ്റൈല്‍ഡ് സ്‌കോപ്പ് ഓഫ് വര്‍ക്ക് സംബന്ധിച്ച പ്രസന്‍റേഷന്‍ നടത്തിയ ശേഷമാണ് സിറ്റ്‌സ അടക്കമുള്ള കമ്പനികള്‍ ടെക്‌നിക്കല്‍ ബിഡില്‍ യോഗ്യത നേടിയത്. മാര്‍ച്ച് 08 ന് ടെന്‍ഡര്‍ സ്വീകരിച്ചു. ഫിനാന്‍ഷ്യല്‍ ബിഡില്‍ സിറ്റ്‌സ ടെക്‌നോളജീസാണ് ഏറ്റവും കുറഞ്ഞ തുക മുന്നോട്ടു വെച്ചത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ എല്‍ 1 ആയി. 29,99,99,999 (29 കോടി 99 ലക്ഷത്തി തൊണ്ണൂറ്റൊമ്പതിനായിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റൊമ്പത്) കോടി രൂപയായിരുന്നു സിറ്റ്സ ടെക്‌നോളജി ക്വോട്ട് ചെയ്തത്. 31.79 കോടി രൂപ ക്വോട്ട് ചെയ്ത റെയില്‍ ടെല്‍ ആയിരുന്നു എല്‍-2. 36.6 കോടി രൂപ ക്വോട്ട് ചെയ്ത അക്ഷര എന്‍റര്‍പ്രൈസസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ആണ് എല്‍-3. എല്‍-1 ആയ സിറ്റ്‌സ ടെക്‌നോളജീസിനായിരുന്നു  ടെന്‍ഡര്‍ ലഭിക്കേണ്ടിയിരുന്നത്. എന്നാല്‍ ടെണ്ടര്‍ നടപടി തന്നെ സര്‍ക്കാര്‍ റദ്ദാക്കുകയായിരുന്നു. ഭരണപരമായ കാരണമാണ് ടെണ്ടര്‍ റദ്ദാക്കാന്‍ കാരണമെന്നാണ് സര്‍ക്കാര്‍ പറഞ്ഞിരിക്കുന്നത്. അതേസമയം എന്താണ് ഭരണപരമായ കാരണമെന്ന് വ്യക്തമാക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. ഫിനാന്‍ഷ്യല്‍ ബിഡ് തുറന്ന ശേഷം ഇത്തരത്തില്‍ ടെന്‍ഡര്‍ നടപടി തന്നെ റദ്ദാക്കുന്നത് അപൂര്‍വമാണെന്ന് നിയമവിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.

ഏതെങ്കിലും തരത്തില്‍ ദുരൂഹതയുള്ള കമ്പനിക്കാണ് ടെണ്ടര്‍ ലഭിക്കുന്നതെങ്കില്‍ വ്യക്തമായ കാരണം പറഞ്ഞ് ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കാവുന്നതാണ്. ഇവിടെ എല്‍-1 ആയ സിറ്റ്‌സ ടെക്‌നോളജീസ് കെ-ഫോണ്‍ പദ്ധതിയിലെ തന്നെ ഉപകരാറുകാരായിരുന്നു. ബിഇഎല്‍ ആയിരുന്നു പ്രധാന കരാറുകാർ. അഞ്ച് തെക്കന്‍ ജില്ലകളിലായി 9000 ത്തോളം സര്‍ക്കാര്‍ ഓഫീസുകളിലേക്ക് ഇന്‍റര്‍നെറ്റ് സേവനത്തിനുള്ള അടിസ്ഥാന സൗകര്യം ഒരുക്കി നല്‍കുന്നുണ്ട്. ഇതിനുപുറമെ നൂറിലധികം പോയിന്‍റുകളില്‍ പോയിന്‍റ് ഓഫ് പ്രസന്‍സിലും (POP) ഇന്‍റര്‍നെറ്റിന് വേണ്ട അടിസ്ഥാന സൗകര്യമൊരുക്കിയത് സിറ്റ്‌സ ടെക്‌നോളജീസാണ്. ഇന്‍റര്‍നെറ്റ് സേവന ദാതാക്കള്‍ക്ക് ബ്രോഡ്ബാന്‍ഡ് നെറ്റ്‌വർക്ക് ഗേറ്റ്‌വേ ലൈസന്‍സ്, കരിയര്‍ ഗ്രേഡ് നെറ്റ്‌വർക്ക് അഡ്രസ് ട്രാന്‍സിലേഷന്‍ ലൈസന്‍സ് എന്നിവയാണ് നിര്‍ബന്ധമായും വേണ്ട ലൈസന്‍സുകള്‍. ഐഎസ്പി ഹാർഡ്‌വെയർ ആന്‍റ് സോഫ്റ്റ്‌വെയർ ചെയ്യാനുള്ള, സാങ്കേതിക പരിജ്ഞാനം ഉള്ള കമ്പനികളാണ് ബിഡില്‍ പങ്കെടുത്ത മൂന്ന് കമ്പനികളും. അത്തരമൊരു സാഹചര്യത്തില്‍ ഭരണപരമായ കാരണമെന്ന് പറയുന്നത് പ്രസക്തമല്ല. ടെണ്ടര്‍ ക്യാന്‍സല്‍ ചെയ്യേണ്ടിവന്നാല്‍ അത് ഫിനാന്‍ഷ്യല്‍ ബിഡ് ഓപ്പണ്‍ ചെയ്യുന്നതിന് മുമ്പ് വേണ്ടിയിരുന്നു. ഇത് ടെണ്ടര്‍ വ്യവസ്ഥകളില്‍ തന്നെ വ്യക്തമാക്കുന്നുണ്ട്.

ഇവിടെയാണ് സര്‍ക്കാര്‍ നടപടിക്ക് പിന്നിലെ ദുരൂഹ ഇടപെടല്‍ മറനീക്കി പുറത്തുവന്നിരിക്കുന്നത്. എസ്ആര്‍ഐടി, റെയില്‍ ടെലിന്‍റെ കേരളത്തിലെ മാനേജ്ഡ് സര്‍വീസ് പ്രൊവൈഡര്‍ അഥവാ (MSP) ആണ്. കരാര്‍ ലഭിച്ചാല്‍ സ്വാഭാവികമായും എസ്ആര്‍ഐടിക്കായിരിക്കും ഉപകരാര്‍. എസ്ആര്‍ഐടിയുടെ ഫിനാന്‍ഷ്യല്‍ ബിഡില്‍ സിറ്റ്‌സ ടെക്‌നോളജീസ് തുക കുറച്ച് ക്വോട്ട് ചെയ്തതോടെ എസ്ആര്‍ഐടിയുടെ പ്രതീക്ഷകള്‍ മങ്ങി. അതോടെ സര്‍ക്കാരിലെ സ്വാധീനം ഉപയോഗിച്ച് എസ്ആര്‍ഐടി ടെണ്ടര്‍ തന്നെ അട്ടിമറിക്കുകയായിരുന്നു. ഇതില്‍ സംസ്ഥാന ഭരണത്തിന് നേതൃത്വം നല്‍കുന്ന നേതാവിന്‍റെ ബന്ധുവിന് നിര്‍ണ്ണായക പങ്കാളിത്തമുള്ള പ്രിസാഡിയോ എന്ന കമ്പനിയുടെ ഇടപെടല്‍ വ്യക്തമാണ്. കെ ഫോണിന്‍റെ ടെണ്ടറില്‍ എസ്ആര്‍ഐടിക്ക് ലഭിച്ച പോയിന്‍റ് ഓഫ് പ്രസന്‍സുകളില്‍ 373 എണ്ണം സ്ഥാപിച്ചത് പ്രിസാഡിയോ ആണ്. പ്രസാഡിയോയും എസ്ആര്‍ഐടിയും തമ്മിലുള്ള ബന്ധം തന്നെയാണ് ഇപ്പോള്‍ ഫിനാന്‍ഷ്യല്‍ ബിഡ് ഓപ്പണ്‍ ചെയ്ത ശേഷം ടെണ്ടര്‍ തന്നെ റദ്ദാക്കിയതിന്പിന്നിലും.