ബസിനു മുന്നില്‍ വടിവാള്‍ വീശി അഭ്യാസം; ഓട്ടോറിക്ഷാ ഡ്രൈവർ പിടിയില്‍

Jaihind Webdesk
Sunday, July 7, 2024

 

മലപ്പുറം: കൊണ്ടോട്ടിയിൽ ഓടുന്ന ബസിന് മുമ്പിൽ വടിവാൾ വീശിയ ഓട്ടോറിക്ഷാ ഡ്രൈവർ പിടിയിൽ. പുളിക്കൽ വലിയപറമ്പ് സ്വദേശി ഷംസുദ്ദീനാണ് പിടിയിലായത്. സൈഡ് കൊടുക്കാത്തതിനെ തുടർന്ന് ബസ് ഹോണ്‍ മുഴക്കിയതോടെയാണ് ഇയാള്‍ ഓട്ടോയിലിരുന്നുകൊണ്ട് വടിവാൾ വീശിയത്.

ബസ് ജീവനക്കാർ പറയുന്നതിങ്ങനെ: ‘‘പുളിക്കലിൽ ബസ് നിർത്തിയപ്പോൾ പ്രായമായ സ്ത്രീ ഉൾപ്പെടെ 2 സ്ത്രീകൾ ഇറങ്ങാനുണ്ടായിരുന്നു. അവർ സാവധാനം സമയമെടുത്താണ് ഇറങ്ങിയത്. പെട്ടെന്നു ബസ് മുന്നോട്ടെടുക്കാൻ പറ്റാത്ത സാഹചര്യമായിരുന്നു. ഇതിനിടെ, പിറകിൽനിന്ന് ഒരു ഓട്ടോറിക്ഷ ഹോണടിക്കുന്നുണ്ടായിരുന്നു. സ്ത്രീകൾ ഇറങ്ങിയ ശേഷം ബസെടുത്തപ്പോൾ, മുന്നില്‍ കയറിയ ഓട്ടോറിക്ഷ ബസിനു തടസമുണ്ടാക്കുന്ന രീതിയിലാണ് ആദ്യം ഓടിച്ചത്. പിന്നീട് ഓട്ടോയിൽനിന്നു വടിവാൾ പുറത്തേക്ക് വീശിക്കാണിച്ചു. തലേക്കര മുതൽ കൊളത്തൂർ എയർപോർട്ട് റോഡ് ജംഗ്ഷൻ വരെ ഇതു തുടർന്നു. പിന്നീട് ഓട്ടോറിക്ഷ എയർപോർട്ട് റോഡിലേക്കു പോയി. കൊണ്ടോട്ടിയിൽ എയ്ഡ് പോസ്റ്റിലെത്തി പോലീസിൽ പരാതിപ്പെട്ടാണ് യാത്ര തുടർന്നത്.”