അഹമ്മദാബാദ്: ടീം ഇന്ത്യയുടെയും കോടിക്കണക്കിന് ആരാധകരുടെയും പ്രതീക്ഷകളും പ്രാർത്ഥനകളും വിഫലമായി. കപ്പ് ഉയർത്താമെന്ന ഇന്ത്യന്‍ മോഹങ്ങള്‍ക്ക് അഹമ്മദാബാദില്‍ തിരിച്ചടി. സ്റ്റേഡിയത്തിലെ നീലക്കടലിനെ സാക്ഷിയാക്കി ലോകകപ്പ് കിരീടത്തില്‍ മുത്തമിട്ട് ഓസ്ട്രേലിയ ക്രിക്കറ്റിലെ ആറാം തമ്പുരാക്കന്മാരായി. ഫൈനല്‍ മത്സരത്തില്‍ 7 വിക്കറ്റിന് ഇന്ത്യയെ തോല്‍പ്പിച്ചാണ് ഓസ്ട്രേലിയ ആറാം തവണയും ലോകകപ്പ് ക്രിക്കറ്റ് കിരീടം ഉയർത്തിയത്. ടോസ് നഷ്ടമായി ബാറ്റ് ചെയ്ത ഇന്ത്യക്ക് മികച്ച ടോട്ടല്‍ പടുത്തുയർത്താന്‍ കഴിഞ്ഞില്ല. നിശ്ചിത 50 ഓവറില്‍ ഇന്ത്യ 240 റണ്‍സിന് എല്ലാവരും പുറത്തായി. ഇന്ത്യ ഉയർത്തിയ താരതമ്യേന കഠിനമല്ലാത്ത ലക്ഷ്യം 3 വിക്കറ്റ് നഷ്ടത്തില്‍ ഓസ്ട്രേലിയ മറികടന്നു. ഫൈനല്‍ മത്സരത്തില്‍ സെഞ്ചുറിയോടെ കളം നിറഞ്ഞ ട്രാവിസ് ഹെഡാണ് ഓസീസിനെ വിജയത്തിലേക്ക് നയിച്ചത്. സ്കോർ ഇന്ത്യ: 240/10 (50), ഓസ്ട്രേലിയ: 241/4 (43)
ടോസ് നേടിയ ഓസീസ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് ഇന്ത്യയെ ബാറ്റിംഗിനു അയക്കുകയായിരുന്നു. ഇന്ത്യക്ക് 10 വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ. അർധശതകങ്ങള്‍ നേടിയ കോഹ്‌ലിയുടെയും കെ.എല്‍. രാഹുലിന്‍റെയും 47 റണ്‍സെടുത്ത രോഹിത് ശർമ്മയുടെയും ഇന്നിംഗ്സിന്‍റെ പിന്‍ബലത്തിലാണ് ഇന്ത്യ 240 റണ്‍സിലെത്തിയത്. താരതമ്യേന കഠിനമല്ലാത്ത വിജയലക്ഷ്യം നോട്ടമിട്ട് ക്രീസിലെത്തിയ ഓസ്ട്രേലിയ തുടക്കത്തില്‍ തന്നെ ആക്രമിച്ചു കളിച്ച് ഇന്ത്യയെ കൂടുതല്‍ പ്രതിരോധത്തിലാക്കാമെന്ന കണക്കുകൂട്ടലിലാണ് മറുപടി ബാറ്റിംഗിനിറങ്ങിയത്. ബുമ്രയുടെ ആദ്യ ഓവറില്‍ 15 റണ്‍സ് അടിച്ചുകൂട്ടി കംഗാരുപ്പട നയം വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍ തൊട്ടടുത്ത ഓവറില്‍ വാർണറുടെ വിക്കറ്റെടുത്ത് ഷമി കംഗാഗുപ്പടയെ ഞെട്ടിച്ചു. സ്‌ലിപ്പിൽ വിരാട് കോഹ്‌ലിക്ക് ക്യാച്ച് നൽകിയാണ് 7 റണ്‍സെടുത്ത വാർണർ പുറത്തായത്. ഷമിക്കൊപ്പം മത്സരിച്ച ബുമ്ര 15 റൺസ് നേടിയ മിച്ചൽ മാർഷിനെ വിക്കറ്റ് കീപ്പർ കെ.എൽ. രാഹുലിന്‍റെ കൈകളിലെത്തിച്ചു. 4 റൺസെടുത്ത സ്റ്റീവ് സ്മിത്തിനെയും ബുമ്ര വിക്കറ്റിനു മുന്നിൽ കുടുക്കിയതോടെ ഓസീസ് അല്‍പം വേഗം കുറച്ചു.
പക്ഷെ മത്സരത്തിലേക്ക് ഇന്ത്യ തിരിച്ചുവരുന്നു എന്ന പ്രതീക്ഷകള്‍ക്ക് അധിക ആയുസുണ്ടായില്ല. ഒരുവശത്ത് ശക്തമായി നിലയുറപ്പിച്ച ട്രാവിസ് ഹെഡ്-ലബുഷെയ്ന്‍ കൂട്ടുകെട്ട് ഓസീസ് ഇന്നിംഗ്സിനെ കരുത്തോടെ മുന്നോട്ടു നയിച്ചു. ട്രാവിസ് ഹെഡ് സെഞ്ചുറിയും (120 പന്തില്‍ 137 റണ്‍സ്) ലബുഷെയ്ന്‍ അർധസെഞ്ചുറിയും നേടി.ഇരുവരും ചേർന്ന് മത്സരം ഇന്ത്യയില്‍ നിന്ന് തിരിച്ചുപിടിക്കുകയായിരുന്നു. ജയിക്കാന്‍ കേവലം രണ്ടു റണ്‍സ് മാത്രം വേണ്ടപ്പോഴാണ് ഹെഡ് പുറത്തായത്. ബൗണ്ടറിയിലേക്ക് പായിച്ച പന്ത് ശുഭ്മാന്‍ ഗില്ലിന്‍റെ കൈകളിലേക്ക്. മുഹമ്മദ് സിറാജിന് വിക്കറ്റ്. മത്സരം പുരോഗമിക്കവെ സ്റ്റേഡിയത്തെ പ്രകമ്പനം കൊള്ളിച്ച ഇന്ത്യന്‍ ആരാധകരുടെ ആരവവും നേർത്തുവന്നു. അക്ഷരാര്‍ത്ഥത്തില്‍ നീലക്കടലായി അലതല്ലിയിരുന്ന സ്റ്റേഡിയം തീർത്തും നിശബ്ദമായി…
നേരത്തെ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് സ്കോർ ബോർഡിൽ 30 റൺസ് ചേർക്കുന്നതിനിടെ ഓപ്പണർ ശുഭ്മാൻ ഗില്ലിന്‍റെ വിക്കറ്റ് നഷ്ടമായി. മിച്ചൽ സ്റ്റാർക്ക് എറിഞ്ഞ അഞ്ചാം ഓവറിൽ ആദം സാംപയ്ക്ക് ക്യാച്ച് നൽകി ഗിൽ മടങ്ങിയത്. 7 പന്തിൽ 4 റൺസ് മാത്രമേ ഗില്ലിന് നേടാനായുള്ളൂ. പിന്നാലെ 31 പന്തിൽ 47 റൺസെടുത്ത നായകന്‍ രോഹിത് ശർമ്മ ട്രാവിസ് ഹെഡിന് ക്യാച്ച് നൽകി മടങ്ങി. അടുത്ത ഊഴം ശ്രേയസ് അയ്യരുടേതായിരുന്നു. 3 പന്തിൽ 4 റൺസ് നേടിയ ശ്രേയസ് പാറ്റ് കമ്മിന്‍റെ പന്തില്‍ ജോഷ് ഇംഗ്ലിസ് പിടിച്ച് പുറത്തായി. ഇതോടെ 1 ന് 76 എന്ന നിലയിൽനിന്ന് 3 ന് 81 എന്ന നിലയിലേക്ക് ഇന്ത്യ വീണു. ടീം സ്കോർ 148 ൽ നിൽക്കേ അർധ സെഞ്ചറി നേടിയ വിരാട് കോഹ്‌ലി പുറത്തായി. 63 പന്തിൽ 54 റൺസ് ആയിരുന്നു കോഹ്‌ലിയുടെ സംഭാവന. ഇതിനിടെ ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ താരമെന്ന റെക്കോർഡ് കോഹ്‌ലി സ്വന്തം പേരിലാക്കി. ഓസീസ് മുൻ ക്യാപ്റ്റൻ റിക്കി പോണ്ടിംഗിനെ പിന്നിലാക്കിയാണ് കോഹ്‌ലി രണ്ടാമതെത്തിയത്.
ടീം സ്കോർ 200 കടത്തുന്നതിൽ അർധ സെഞ്ചറി നേടിയ കെ.എല്‍. രാഹുലിന്‍റെ ഇന്നിംഗ്സ് നിർണായകമായി. 9 റൺസ് നേടിയ രവീന്ദ്ര ജഡേജയെ ഹെയ്സൽവുഡ് കീപ്പർ ജോഷ് ഇംഗ്ലിസിന്‍റെ കൈകളിലെത്തിച്ചു. സ്കോർ 203ൽ നിൽക്കേ 107 പന്തിൽ 66 റൺസ് നേടിയ കെ.എല്‍. രാഹുലും പുറത്തായി. പിന്നാലെ 6 റണ്‍സോടെ മുഹമ്മദ് ഷമിയും 1 റണ്‍ മാത്രം നേടി ജസ്പ്രീത് ബുമ്രയും പുറത്തായി. മധ്യനിരയില്‍ നിന്ന് വാലറ്റത്തേക്കുള്ള കൂട്ടപ്പൊഴിച്ചിലിനിടെ നങ്കൂരമിടാന്‍ ശ്രമിച്ചെങ്കിലും സൂര്യകുമാർ യാദവിനും കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. 28 പന്തിൽ പന്തില്‍ 18 റൺസ് നേടിയ സൂര്യകുമാർ യാദവ് വിക്കറ്റ് കീപ്പർ ജോഷ് ഇംഗ്ലിസിന് ക്യാച്ച് നൽകി മടങ്ങി. മുഹമ്മദ് സിറാജ് 9 റണ്‍സ് നേടി. ഇന്നിംഗ്സിലെ അവസാന പന്തിൽ കുല്‍ദീപും (10) പുറത്തായതോടെ ഇന്ത്യയുടെ സ്കോർ പത്തു വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സില്‍ ഒതുങ്ങി. ഓസ്ട്രേലിയയ്ക്കായി മിച്ചൽ സ്റ്റാർക്ക് 3 വിക്കറ്റു നേടി. ജോഷ് ഹെയ്സൽവുഡ്, പാറ്റ് കമ്മിൻസ് എന്നിവർ രണ്ട് വിക്കറ്റു വീതം വീഴ്ത്തി. മാക്സ്‌വെലും ആദം സാംപയും ഓരോ വിക്കറ്റു വീതവും സ്വന്തമാക്കി. സെമി ഫൈനലുകൾ വിജയിച്ച അതേ ഇലവനുമായാണ് ഇന്ത്യയും ഓസ്ട്രേലിയയും കളത്തിലിറങ്ങിയത്.