പെര്‍ത്ത്: ഒന്നാം ഇന്നിങ്സില്‍ ഇന്ത്യ 283 ന് പുറത്ത്. സെഞ്ചുറി നേട്ടത്തിന് പിന്നാലെ നായകന്‍ വിരാട് കോഹ്ലിയെ നഷ്ടമായതോടെയാണ് ഇന്ത്യയുടെ പതനം ആരംഭിച്ചത്. 123 റണ്‍സെടുത്ത കോഹ്ലിയെ പാറ്റ് കമ്മിന്‍സാണ് പുറത്താക്കിയത്. മൂന്നാം ദിവസത്തിന്റെ തുടക്കത്തില്‍ തന്നെ ഉപനായകന്‍ അജിങ്ക്യ രഹാനെയെ ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു. ഇതിന് പിന്നാലെ സെഞ്ചുറിയുമായി കോഹ്ലി ഇന്ത്യയെ മുന്നോട്ട് നയിച്ചെങ്കിലും നായകന്‍ വീണതോടെ ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച നേരിടേണ്ടി വന്നു.
ഹനുമ വിഹാരി 20 റണ്‍സുമായി പുറത്തായി. പിന്നാലെ വന്ന മുഹമ്മദ് ഷമിയും ഇശാന്ത് ശര്‍മ്മയും അതിവേഗം തിരിച്ചു മടങ്ങി. 36 റണ്‍സുമായി ഋഷഭ് പന്തും പുറത്തായി. പന്തും ഉമേഷ് യാദവും പ്രതീക്ഷ നല്‍കിയ കൂട്ടുകെട്ട് പടുത്തുയര്‍ത്തുന്നതായി തോന്നിയെങ്കിലും പന്ത് വീണതോടെ ആ മോഹം അസ്തമിച്ചു. 4 റണ്‍സുമായി ഉമേഷ് യാദവും പുറത്തായി. ജയിക്കണമെങ്കില്‍ മികച്ച സ്‌കോര്‍ കണ്ടെത്തണമെന്നിരിക്കെ പൊടുന്നനെ ഉണ്ടായ ബാറ്റിങ് തകര്‍ച്ച ഇന്ത്യയ്ക്ക് തിരിച്ചടിയായി മാറി.
ഓസീസ് ബോളര്‍മാരില്‍ നഥാന്‍ ലിയോണാണ് തിളങ്ങിയത്. ആദ്യ ടെസ്റ്റിലും മികച്ച രീതിയില്‍ പന്തെറിഞ്ഞ ലിയോണ്‍ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി. മിച്ചല്‍ സ്റ്റാര്‍ക്കും ഹെയ്സല്‍വുഡും രണ്ട് വിക്കറ്റുകള്‍ വീതവും പാറ്റ് കമ്മിന്‍സ് ഒരു വിക്കറ്റും വീഴ്ത്തി.
നേരത്തെ ആദ്യ ഇന്നിങ്സില്‍ ഓസ്ട്രേലിയ 326 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. മാര്‍ക്കസ് ഹാരിസും ആരോണ്‍ ഫിഞ്ചും ചേര്‍ന്ന് 112 റണ്‍സാണ് ഒന്നാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്. ഹാരിസ് 70 റണ്‍സും ഫിഞ്ച് 50 റണ്‍സുമാണ് എടുത്തത്. പിന്നാലെ വന്ന ഉസ്മാന്‍ ഖ്വാജ അഞ്ച് റണ്‍സ് മാത്രമെടുത്തു മടങ്ങി. എന്നാല്‍ ഷോണ്‍ മാര്‍ഷ് ഒരു ഭാഗത്ത് നിലയുറപ്പിച്ചു. എഴ് റണ്‍സുമായി ഹാന്‍സ്‌കോമ്പും പുറത്തായതോടെ ഓസ്‌ട്രേലിയ തകര്‍ച്ച മണത്തെങ്കിലും ട്രാവിസ് ഹെഡ്ഡ് മാര്‍ഷിനൊപ്പം ചേര്‍ന്നതോടെ ഓസ്‌ട്രേലിയ കളിയിലേക്ക് തിരികെ വരികയായിരുന്നു. മാര്‍ഷ് 45 റണ്‍സെടുത്ത് പുറത്തായി. ട്രാവിസ് ഹെഡ് 58 റണ്‍സുമായി ക്രീസു വിട്ടു.