ആസ്ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് മേൽകൈ

Jaihind Webdesk
Saturday, December 8, 2018

അഡ്‌ലെയ്ഡ്: ആസ്ട്രേലിയയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് മേൽകൈ. മൂന്നാം ദിനം കളിനിർത്തുമ്പോള്‍ ഇന്ത്യ രണ്ടാം ഇന്നിംഗ്സിൽ 151/3 എന്ന നിലയിലാണ്. ഏഴ് വിക്കറ്റ് ബാക്കിനിൽക്കേ ഇന്ത്യക്ക് 166 റണ്‍സിന്‍റെ ലീഡുണ്ട്. ചേതേശ്വർ പൂജാര (40), അജിങ്ക്യ രഹാനെ (1) എന്നിവരാണ് ക്രീസിൽ.

15 റണ്‍സ് ലീഡുമായി രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് തുടങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണർമാരായ മുരളി വിജയിയും കെ.എൽ.രാഹുലും മികച്ച തുടക്കം നൽകി. ഇരുവരും 63 റണ്‍സ് കൂട്ടിച്ചേർത്തു. രാഹുൽ 44 റണ്‍സ് നേടി. വിജയ് 18 റണ്‍സിന് പുറത്തായി. നാലാം വിക്കറ്റിൽ പൂജാരയും കോഹ്ലിയും ഒത്തുചേർന്നതോടെയാണ് മത്സരത്തിൽ ഇന്ത്യയ്ക്ക് മേൽകൈ വന്നത്. ഇരുവരും ചേർന്ന് 71 റണ്‍സ് കൂട്ടിച്ചേർത്തു. 34 റണ്‍സ് നേടിയ കോഹ്ലിയെ സ്പിന്നർ നഥാൻ ലയണാണ് മടക്കിയയച്ചത്.

നേരത്തെ 191/7 എന്ന നിലയിൽ മൂന്നാം ദിനം തുടങ്ങിയ ഓസീസ് 235 റണ്‍സിന് ഓൾഒൗട്ടായി. 72 റണ്‍സ് നേടിയ ട്രാവിസ് ഹെഡാണ് ഓസീസ് പോരാട്ടത്തിന് നേതൃത്വം നൽകിയത്. ഒൻപതാമനായി ഹെഡ് പുറത്തായതിന് തൊട്ടടുത്ത പന്തിൽ ജോഷ് ഹേസിൽവുഡും വീണതോടെ ഓസീസ് ഇന്നിംഗ്സ് അവസാനിച്ചു. 24 റണ്‍സോടെ ലയണ്‍ പുറത്താകാതെ നിന്നു.

ഇന്ത്യയ്ക്ക് വേണ്ടി അശ്വിനും ബുംറയും മൂന്ന് വീതം വിക്കറ്റുകൾ നേടി. ഷമിക്കും ഇഷാന്തിനും രണ്ടു വിക്കറ്റ് വീതം ലഭിച്ചു.