CPM-DYFI Attack| കോട്ടയത്ത് KSU നേതാവിന് നേരെ ആക്രമണ ശ്രമം; കണ്ണൂര്‍ മോഡല്‍ ആക്രമണങ്ങള്‍ കോട്ടയത്ത് വേണ്ടെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ

Jaihind News Bureau
Friday, August 29, 2025

കോട്ടയം: കോട്ടയത്ത് കെഎസ് യു സംസ്ഥാന ജനറല്‍ സെക്രട്ടറിക്ക് നേരെ സിപിഎം-ഡിവൈഎഫ്‌ഐ ആക്രമണ ശ്രമം. കോട്ടയം പുതുപ്പള്ളിയില്‍ കെഎസ് യു നേതാവായ ജിത്തുവിന്റെ വീട് വളഞ്ഞാണ് ആക്രമിക്കാന്‍ ശ്രമം നടന്നത്. കണ്ണൂരില്‍ നടക്കുന്നതുപോലുള്ള ആക്രമണങ്ങള്‍ കോട്ടയത്തും നടത്താന്‍ സിപിഎം ശ്രമിക്കുകയാണെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ ആരോപിച്ചു.

കഴിഞ്ഞ ദിവസം വൈകുന്നേരം മൂന്ന് വാഹനങ്ങളിലായെത്തിയ പത്തോളം സിപിഎം പ്രവര്‍ത്തകര്‍ ജിത്തുവിന്റെ വീടിനു മുന്നില്‍ തമ്പടിച്ചതായി റിപ്പോര്‍ട്ടുണ്ട്. ജിത്തു വീട്ടിലില്ലായിരുന്ന സമയത്താണ് ഇവര്‍ വീടിന് ചുറ്റും നിലയുറപ്പിച്ചത്. തൊട്ടടുത്ത കടയിലെ വ്യാപാരിയോട് ജിത്തു എപ്പോള്‍ വരുമെന്നും എവിടെപ്പോയെന്നും ഇവര്‍ അന്വേഷിച്ചു. രാത്രി ജിത്തു വീട്ടിലെത്തിയപ്പോള്‍ ആക്രമിക്കാനായി പുറത്തിറങ്ങിയെങ്കിലും, സംഭവം അറിഞ്ഞ് ചാണ്ടി ഉമ്മന്‍ എംഎല്‍എയും പോലീസും ഉടന്‍ സ്ഥലത്തെത്തി. ഇതോടെ ആക്രമണശ്രമം ഉപേക്ഷിച്ച് സംഘം മടങ്ങി.

കണ്ണൂര്‍ മോഡല്‍ ആക്രമണങ്ങള്‍ കോട്ടയത്ത് വേണ്ടെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ പറഞ്ഞു. സിഎംഎസ് കോളേജില്‍ നീണ്ട വര്‍ഷങ്ങള്‍ക്ക് ശേഷം കെഎസ് യു യൂണിയന്‍ പിടിച്ചെടുത്തതിന്റെ വൈരാഗ്യമാണ് ഈ തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്ക് പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.

കഴിഞ്ഞ ദിവസമാണ് കോട്ടയം നഗരമധ്യത്തില്‍ കെഎസ് യു  ബ്ലോക്ക് പ്രസിഡന്റ് മാഹിന്‍ നവാസിന് നേരെയും സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ ആക്രമണം നടന്നത്. ഈ ആക്രമണത്തില്‍ മാഹിന്റെ ഇടതുകൈക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഈ സംഭവത്തിനു പിന്നാലെയാണ് കെഎസ്യു നേതാവിന് നേരെ വീണ്ടും ആക്രമണശ്രമം നടന്നിരിക്കുന്നത്.