പാലക്കാട് 16 കാരിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമം; അക്രമം നടത്തിയത് അയല്‍വാസി

Jaihind Webdesk
Sunday, April 24, 2022

 

പാലക്കാട്: കൊല്ലങ്കോട് പെൺകുട്ടിയെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം. 16 കാരിക്ക് ഗുരുതരമായി പൊള്ളലേറ്റു. അയൽവാസിയായ ബാലസുബ്രഹ്മണ്യമാണ് തീ കൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. കൊല്ലങ്കോട് കിഴക്കേ ഗ്രാമം സ്വദേശിനിയായ 16 കാരിയെയാണ് പ്രദേശവാസിയായ ബാലസുബ്രഹ്മണ്യം വീട്ടിലേക്ക് വിളിച്ചു വരുത്തി തീ കൊളുത്തിയത്. പിറന്നാളാണെന്ന് പറഞ്ഞാണ് യുവാവ് പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്. തുടർന്ന് മുറിയിൽ വച്ച് തീ കൊളുത്തുകയായിരുന്നു.

സംഭവ സമയം യുവാവിന്‍റെ അമ്മയും ഇളയ സഹോദരനും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. തീയും പുകയും ഉയർന്നതോടെയാണ് അമ്മയും സമീപവാസികളും സംഭവമറിഞ്ഞത്.
ബാലസുബ്രഹ്മണ്യവും പെണ്‍കുട്ടിയും ഏറെനാളായി പ്രണയത്തിലായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. അടുത്തിടെ ഇവരുടെ ബന്ധത്തെ വീട്ടുകാർ എതിർത്തു. ഇരുവരെയും ബന്ധത്തിൽ നിന്ന് പിന്തിരിപ്പിക്കാനും ശ്രമിച്ചു . ഇതുകാരണമാകാം പെൺകുട്ടിയെ തീ കൊളുത്തിയ ശേഷം യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചതെന്ന് നാട്ടുകാർ കരുതുന്നു.