തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം ; ഇരട്ടവോട്ട് വിഷയം അതീവ ഗുരുതരം : ഉമ്മന്‍ ചാണ്ടി

കോട്ടയം : തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ശ്രമം നടക്കുന്നുവെന്ന് ഉമ്മന്‍ ചാണ്ടി. സ്വര്‍ണ്ണക്കടത്ത്, ലൈഫ് മിഷന്‍ കമ്മീഷന്‍ തുടങ്ങി പ്രതിപക്ഷം  ഉന്നയിച്ച എല്ലാ ആരോപണങ്ങളും സര്‍ക്കാരിന് സമ്മതിക്കേണ്ടി വന്നു. ഇതില്‍ ഏറ്റവും ഒടുവിലത്തേതാണ് ഇരട്ടവോട്ട് ക്രമക്കേട്. ഇരട്ട വോട്ട് വിഷയം അതീവ ഗുരുതരമാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത്  യുഡിഎഫിന് അനുകൂലമായ സാഹചര്യമാണുള്ളതെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. പെയ്ഡ് സർവേകള്‍ കണ്ട് പേടിക്കേണ്ടതില്ല. ഇരട്ട വോട്ട് വിഷയം അതീവ ഗുരുതരമായ വിഷയമാണെന്നും  ഇത് തടയാനായി കോണ്‍ഗ്രസ് ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ശബരിമല വിഷയത്തില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടേത് ഇരട്ടത്താപ്പാണ്. ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും എതിരായാണ് സര്‍ക്കാര്‍ സത്യവാങ്മൂലം കൊടുത്തത്. അതനുസരിച്ച് വിധി വന്നപ്പോള്‍ അവര്‍ സന്തോഷിച്ചു. ആത്മാർത്ഥതയില്ലാത്തതുകൊണ്ടാണ്  ആചാരങ്ങള്‍ക്കെതിരായി നല്‍കിയ സത്യവാങ്മൂലം പിന്‍വലിക്കാന്‍ തയാറാകാത്തത്. യുഡിഎഫ് എന്നും വിശ്വാസികള്‍ക്കൊപ്പമാണെന്നും അദ്ദേഹം കോട്ടയത്ത് വ്യക്തമാക്കി.

Comments (0)
Add Comment