കണ്ണൂർ യൂണിവേഴ്സിറ്റി വിദ്യാർത്ഥികളുടെ ഡാറ്റ ചോർത്താനുള്ള ശ്രമം ഗൗരവകരം; രജിസ്ട്രാറെ ഉപരോധിച്ച് കെഎസ്‌യു പ്രതിഷേധം

Jaihind Webdesk
Saturday, October 19, 2024

 

കണ്ണൂര്‍: ഒന്നാം വർഷ വിദ്യാർത്ഥികളുടെ ഡാറ്റ എന്‍റർ ചെയ്യാൻ വേണ്ടി മഹാരാഷ്ട്രയിലുള്ള എംകെസിഎൽ കമ്പനിയെ ചുമതലപ്പെടുത്തിയ യൂണിവേഴ്സിറ്റി അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് കണ്ണൂർ സർവ്വകലാശാല രജിസ്ട്രാറെ ഉപരോധിച്ച് കെഎസ്‌യു. കണ്ണൂർ സർവ്വകലാശാലയിലേക്ക് ഇരച്ചു കയറിയ കെഎസ്‌യു പ്രവർത്തകർ രജിസ്ട്രാരുടെ മുറിയിലെത്തി മുദ്രാവാക്യം വിളിച്ചു. 20000 ഓളം വിദ്യാർത്ഥികൾ 100 രൂപ വീതം കൊടുത്താൽ 20 ലക്ഷം രൂപയാണ് സ്വകാര്യ കമ്പനിക്ക് കൊടുക്കാൻ വേണ്ടി ഉന്നത വിദ്യാഭ്യാസ വകുപ്പിൽ നിന്നും കത്ത് ലഭിച്ചു എന്നതിന്‍റെ അടിസ്ഥാനത്തിൽ യൂണിവേഴ്സിറ്റി ഇമ്പ്ലിമെന്‍റ് ചെയ്യാൻ ശ്രമിക്കുന്നത്.

ഉന്നത തലത്തിൽ ഗൂഢാലോചന നടത്തി സ്പ്രിംക്ലർ മോഡൽ കമ്മീഷൻ പറ്റാനുള്ള ഉദ്യോഗസ്ഥരുടെ ശ്രമത്തിന്‍റെ ഭാഗമാണ് ഡാറ്റ എന്‍ററിങ്ങിലൂടെ യൂണിവേഴ്സിറ്റി നടത്തുന്നതെന്ന് കെഎസ്‌യു ജില്ലാ പ്രസിഡന്‍റ് എം.സി അതുൽ പറഞ്ഞു. വിദ്യാർത്ഥികളുടെ ആധാർ നമ്പർ അടക്കം പൂരിപ്പിക്കാൻ ആവശ്യപ്പെടുന്ന യൂണിവേഴ്സിറ്റി തീരുമാനം തിരുത്തിയില്ലെങ്കിൽ കെഎസ്‌യു തുടർ പ്രക്ഷോഭങ്ങളുമായി യൂണിവേഴ്സിറ്റിയിലുണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി, സംസ്ഥാന സമിതി അംഗം സുഹൈൽ ചെമ്പന്തൊട്ടി, ജില്ലാ വൈസ് പ്രസിഡന്‍റുമാരായ ആഷിത്ത് അശോകൻ, ഹരികൃഷ്ണൻ പാളാട്, അമൽ തോമസ്, രാഗേഷ് ബാലൻ, അർജുൻ കോറോം, കാവ്യ കെ, ജില്ലാ ഭാരവാഹികളായ എബിൻ കേളകം, സുഫൈൽ സുബൈർ, മുബാസ് മാടായി, അക്ഷയ് മാട്ടൂൽ, അർജുൻ ചാലാട്, ആഷ്‌ലി വെള്ളോറ എന്നിവർ നേതൃത്വം നൽകി