‘ത്രിവർണ പതാക കണ്ടാല്‍ ഹാലിളകിയിരുന്നവരാണ് ഇപ്പോള്‍ പതാക ഉയര്‍ത്തുന്നത്, കപടദേശീയതയിലൂടെ രാജ്യത്തെ ഭിന്നിപ്പിക്കാന്‍ ശ്രമം’: കെ.സി വേണുഗോപാല്‍ എംപി

Jaihind Webdesk
Saturday, August 13, 2022

 

തിരുവനന്തപുരം: സ്വാതന്ത്ര്യദിനം കരിദിനമായി ആചരിച്ചവരുടെ മാറ്റത്തില്‍ സന്തോഷമുണ്ടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി. ബിജെപിയുടെ പെട്ടെന്നുണ്ടായ ദേശസ്നേഹത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പുത്തനച്ചി പുരപ്പുറം തൂക്കുന്നതുപോലെയാണ് ഇത്തരക്കാരുടെ പെരുമാറ്റം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും ഏകാധിപത്യത്തിന്‍റെ രണ്ട് മുഖങ്ങളാണെന്നും കെ.സി വേണുഗോപാല്‍ എംപി കുറ്റപ്പെടുത്തി. ദേശസ്നേഹത്തിന് കെ സുരേന്ദ്രന്‍റെ സർട്ടിഫിക്കറ്റ് കോണ്‍ഗ്രസിന് ആവശ്യമില്ലെന്നും അദ്ദേഹം മറുപടി നല്‍കി. നവസങ്കല്‍പ് യാത്രയുടെ സമാപനം ഫ്ലാഗ് ഓഫ്  ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“സ്വന്തം ആലയിൽ സ്വാതന്ത്ര്യ സമര സേനാനികളെ തിരഞ്ഞാൽ സംഘത്തിനും സംഘപരിവാറിനും ഒരാളെ പോലും കാണാനാകില്ല. ത്രിവർണ പതാക കണ്ടാൽ ഹാലിളകിയിരുന്നവരാണ് ഇപ്പോൾ ത്രിവർണ പതാക ഉയർത്തുന്നത്.  രാജ്യത്തെ കപട ദേശീയതയിലൂടെ വിഭജിക്കാനുള്ള ശ്രമമാണ് ഇന്ന് നടക്കുന്നത്. ഇഡി അടക്കമുള്ള ഏജൻസികളെ രാഷ്ടീയ എതിരാളികളുടെ വായടപ്പിക്കാൻ ഉപയോഗിക്കുകയാണ്. ഏകാധിപതികൾക്കെല്ലാം കറുപ്പിനോട് അലർജിയാണ്. കറുപ്പ് ധരിച്ചാൽ ബ്ലാക്ക് മാജിക് എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നത്. കേരളത്തിലും കണ്ടു കറുപ്പിനോടുള്ള എതിർപ്പ്. കറുപ്പ് ധരിച്ചവരെ കേരളത്തിൽ അറസ്റ്റ് ചെയ്യുകയാണ്. ഇന്ന് വരെ ദേശീയ പതാക ഉയർത്താത്തവരാണ് കോൺഗ്രസിനെ വിമർശിക്കുന്നത്. ഓഗസ്റ്റ് 9 മുതൽ ഇന്ത്യയിൽ എമ്പാടും കോൺഗ്രസ് ദേശീയ പതാക ഉയർത്തി കൊണ്ടിരിക്കുകയാണ്. ദേശ സ്നേഹത്തിന് കെ സുരേന്ദ്രന്‍റെ സർട്ടിഫിക്കറ്റ് ഞങ്ങൾക്ക് ആവശ്യമില്ല. മരിക്കുന്നത് വരെ ത്രിവർണ്ണ പതാക പിടിക്കാൻ തീരുമാനിച്ചവരാണ് കോൺഗ്രസുകാർ” – കെ.സി വേണുഗോപാല്‍ എംപി പറഞ്ഞു.

പാളയം ആശാന്‍ സ്ക്വയറില്‍ നിന്നാരംഭിച്ച നവസങ്കല്‍പ് പദയാത്ര ഗാന്ധി പാര്‍ക്കില്‍ സമാപിച്ചു. ഡിസിസി പ്രസിഡന്‍റ് പാലോട് രവി, വി.എസ് ശിവകുമാർ തുടങ്ങി നിരവധി നേതാക്കളും പ്രവര്‍ത്തകരും പദയാത്രയില്‍ പങ്കെടുത്തു. ഗാന്ധി പാർക്കില്‍ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ -സാംസ്കാരിക സദസില്‍ സാംസ്‌കാരിക-രാഷ്‌ട്രീയ-പൊതുമണ്‌ഡലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികളെ ആദരിച്ചു. അടൂർ ഗോപാലകൃഷ്ണന്‍, സൂര്യ കൃഷ്ണമൂര്‍ത്തി, പെരുമ്പടവം ശ്രീധരന്‍ ജോര്‍ജ് ഓണക്കൂര്‍, കാവാലം ശ്രീകുമാർ തുടങ്ങി ചലച്ചിത്ര-സാഹിത്യ-സാംസ്കാരിക മേഖലകളിലെ നിരവധി വ്യക്തിത്വങ്ങള്‍ ഗാന്ധി പാർക്കില്‍ നടന്ന സാംസ്കാരിക സദസില്‍ പങ്കെടുത്തു.