‘കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പദ്ധതികള്‍ തകര്‍ക്കാനുള്ള ശ്രമം; കേന്ദ്ര സര്‍ക്കാരിന്റെ നീക്കം ചെറുക്കും’-സണ്ണി ജോസഫ് എംഎല്‍എ

Jaihind News Bureau
Thursday, December 18, 2025

കോണ്‍ഗ്രസ് സര്‍ക്കാര്‍ പാവങ്ങള്‍ക്ക് വേണ്ടി കൊണ്ടുവന്ന എല്ലാ പദ്ധതികളും ഒന്നൊന്നായി കേന്ദ്ര സര്‍ക്കാര്‍ തകര്‍ക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരും. ദേശീയ തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കാനുളള നീക്കം ചെറുക്കുമെന്നും സണ്ണി ജോസഫ് എംഎല്‍എ പറഞ്ഞു.  മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് ഭേദഗതി ബില്ലിനെതിരെയുള്ള സംസ്ഥാന തല പ്രക്ഷോഭത്തിന്റെ ഉദ്ഘാടനം കണ്ണൂരില്‍ നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയെ ഒന്നാകെ പൊളിച്ചെഴുതി പദ്ധതിയുടെ പേരില്‍ നിന്നും മഹാത്മാവിന്റെ പേര് വെട്ടിമാറ്റിക്കൊണ്ടുള്ള ബില്ലാണ് കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചത്. ഇതിനെതിരെ പ്രതിപക്ഷ എംപിമാര്‍ പാര്‍ലമെന്റിന് അകത്തും പുറത്തും ശക്തമായ പ്രതിഷേധം നടത്തിയിരുന്നു. കോണ്‍ഗ്രസ് കൊണ്ടുവന്ന പദ്ധതികളെ ഇത്തരത്തില്‍ ചരിത്രം വളച്ചൊടിച്ച് തിരുത്താന്‍ ശ്രമിക്കുന്ന സംഘപരിവാര്‍ നയമാണ് ഇതിലും വ്യക്തമാകുന്നത് എന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.