അട്ടാരി വാഗ ബോര്‍ഡര്‍ തുറന്നു; തുറന്നത് അഫ്ഗാന്‍ ചരക്കുവാഹനങ്ങള്‍ക്ക് മാത്രമായി

Jaihind News Bureau
Saturday, May 17, 2025

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ അടച്ച ഇന്ത്യ പാക് അതിര്‍ത്തിയായ അട്ടാരി വാഗ ബോര്‍ഡര്‍ തുറന്നു. ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ ഈ വര്‍ഷത്തെ പ്രതിരോധ ബജറ്റില്‍ 50,000 കോടി രൂപ അധികമായി വിലയിരുത്തുന്നതു കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുകയാണ്. അതേസമയം അതിര്‍ത്തി സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ ജമ്മു കശ്മീരിലെ സോപ്പോരയില്‍ റെയ്ഡ്.

23 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് അട്ടാരി – വാഗ ബോര്‍ഡര്‍ തുറന്നത്. അഫ്ഗാനിസ്ഥാനില്‍ നിന്നും ഡ്രൈ ഫ്രൂട്ട്‌സുമായി എത്തിയ എട്ട് ട്രക്കുകളാണ് അതിര്‍ത്തി വഴി ഇന്ത്യയിലേക്കെത്തിയത്. കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക അനുമതി പ്രകാരമാണ് ഈ നടപടി. ഇന്ത്യ പാക് സംഘര്‍ഷത്തിനിടെ വന്ന 150 ഓളം ചരക്കു ലോറികള്‍ ലാഹോറിനും വാഗയ്ക്കുമിടയില്‍ കുടുങ്ങിയിരുന്നു. വെടിനിര്‍ത്തല്‍ ധാരണ നിലവില്‍ വന്നതോടെയാണ് അഫ്ഗാന്‍ ചരക്കുവാഹനങ്ങള്‍ക്ക് മാത്രമായി അതിര്‍ത്തി തുറന്നത്. ഏപ്രില്‍ 24 മുതല്‍ അട്ടാരി അതിര്‍ത്തിയില്‍ കുടുങ്ങിയ നിലയിലായിരുന്നു ഈ ട്രെക്കുകള്‍. അതേസമയം ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ ഈ വര്‍ഷത്തെ പ്രതിരോധ ബജറ്റില്‍ 50,000 കോടി രൂപ അധികമായി വിലയിരുത്തുന്നതു കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നു. വരുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ സപ്ലിമെന്ററി ബജറ്റിലൂടെ തുക വര്‍ധിപ്പിക്കാനാണു തീരുമാനം. ഈ തുക ഗവേഷണത്തിനും ആയുധങ്ങളുടെ വികസനത്തിനും യുദ്ധോപകരണങ്ങള്‍ വാങ്ങുന്നതിനും ഉപയോഗിക്കും. 2025-26 ബജറ്റില്‍ സായുധ സേനയ്ക്കായി 6.81 ലക്ഷം കോടി രൂപയാണു നീക്കിവച്ചിരുന്നത്. അതിര്‍ത്തി സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് സഹായം എത്തിക്കുന്നവരെ കേന്ദ്രീകരിച്ച് ഈ റെയ്ഡ് നടന്നു.

പാകിസ്ഥാന് രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിന് ഹരിയാനയിലെ കൈതാളില്‍ അറസ്റ്റിലായ യുവാവ് കുറ്റം സമ്മതിച്ചെന്ന് പൊലീസ്. ഇന്ത്യ പാക് സംഘര്‍ഷത്തെ സംബന്ധിച്ചും, ഓപ്പറേഷന്‍ സിന്ദൂറിനെ സംബന്ധിച്ചും പാക്കിസ്ഥാന് വിവരങ്ങള്‍ അപ്പപ്പോള്‍ കൈമാറിയെന്ന്് പ്രതി സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ പരിശോധനയ്ക്കായി കശ്മീരില്‍ റെയ്ഡ് നടത്തുന്നത്. അതേ സമയം, അതിര്‍ത്തിയില്‍ പാക് ഷെല്ലാക്രമണത്തില്‍ നാശനഷ്ടമുണ്ടായവര്‍ക്ക് ജമ്മു കശ്മീര്‍ സര്‍ക്കാര്‍ ഉടന്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കും.