കരോൾ സംഘത്തെ ആക്രമിച്ച സംഭവം : എല്ലാ പ്രതികളെയും ഉടൻ പിടികൂടണമെന്ന ആവശ്യം ശക്തം

കോട്ടയം പാത്താമുട്ടം കൂമ്പാടി സെൻറ് പോൾസ് ആംഗ്ലിക്കൻ പള്ളിയിലെ കരോൾ സംഘത്തെ ആക്രമിച്ച സംഭവത്തിൽ എല്ലാ പ്രതികളെയും ഉടൻ പിടികൂടണമെന്ന ആവശ്യം ശക്തമാകുന്നു. പോലീസിൽ നിന്നും തങ്ങൾക്ക് നീതി ലഭിക്കുന്നില്ല. പ്രതികൾക്കുമേൽ ദുർബല വകുപ്പുകൾ ചാർത്തി വിട്ടയച്ചെന്നും ആക്ഷേപം ഉയരുന്നു.

കഴിഞ്ഞ 23 നാണ് സംഭവം. കൂമ്പാടി സെൻറ് പോൾസ് ആംഗ്ലിക്കൻ പള്ളിയിലെ യുവജന സംഘം, സ്ത്രീജനസഖ്യം എന്നിവയുടെ നേതൃത്വത്തിൽ ഇറങ്ങിയ കരോൾ സംഘത്തിനുനേരെയാണ് ആക്രമണമുണ്ടായത്. ഇരുപതോളം വരുന്ന ഡിവൈഎഫ്ഐ പ്രവർത്തകർ സംഘത്തിൽ കടന്ന് പാട്ടുപാടുകയും അസഭ്യം പറയുകയും ചെയ്തതാണ് സംഘർഷത്തിലേക്ക് നയിച്ചത്. പെൺകുട്ടികളെ അപമാനിച്ചു. കൊച്ചുകുട്ടികളെ ഉൾപ്പെടെ ഉപദ്രവിക്കുകയും ചെയ്തു.

തുടർന്ന് പൊലീസ് നിർദേശപ്രകാരം പള്ളിയിലേക്ക് തിരികെ പോയ കരോൾ സംഘത്തെ വടിവാൾ ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായി എത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമിച്ചു. ഇവർക്കായി തയ്യാറാക്കിയ ഭക്ഷണവും നശിപ്പിച്ചു. പ്രദേശത്തെ നാലോളം വീടുകൾക്ക് നേരെയും അക്രമമുണ്ടായി. പാർട്ടി ബന്ധം മറയാക്കി പ്രതികൾക്കെതിരെ പോലീസ് നിസ്സാര വകുപ്പുകൾ മാത്രം ചുമത്തി വിട്ടയച്ചെന്നാണ് ആക്ഷേപം. അപമാനിതരായ പെൺകുട്ടികൾക്ക് മജിസ്ട്രേറ്റ് മുമ്പാകെ മൊഴി നൽകണമെന്നും ആവശ്യമുയരുന്നു.

അക്രമിസംഘത്തിന്റെ ഭീഷണി ഭയന്ന് കരോൾ സംഘത്തിലുണ്ടായിരുന്ന 35 ഓളം പേർ ഇപ്പോഴും പള്ളിയിൽ തന്നെയാണ് കഴിയുന്നത്.

Carol team attack
Comments (0)
Add Comment