അതിരപ്പിള്ളി അടഞ്ഞ അധ്യായം; മണിയെ തള്ളി കെ രാജു; ഇടതുമുന്നണിക്കുള്ളില്‍ പോര് മുറുകുന്നു

Jaihind News Bureau
Friday, June 12, 2020

അതിരപ്പിള്ളി പദ്ധതിയെച്ചൊല്ലി എല്‍ഡിഎഫിനുള്ളില്‍ പോര് മുറുകുന്നു. പദ്ധതിക്കെതിരെ വനംവകുപ്പ് മന്ത്രി കെ.രാജു രംഗത്തെത്തി. അതിരപ്പിള്ളി അടഞ്ഞ അധ്യായമെന്ന് പറഞ്ഞ മന്ത്രി പദ്ധതിയെക്കുറിച്ച് മന്ത്രിസഭ ചര്‍ച്ച ചെയ്തിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു.

പദ്ധതിയെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. പ്രകടനപത്രികയില്‍ പോലും അതിരപ്പിള്ളി ഇല്ലെന്ന് കാനം പറഞ്ഞു. അതിരപ്പിള്ളി പദ്ധതിയേയും വൈദ്യുതിമന്ത്രി എം എം മണിയേയും തള്ളിയാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രംഗത്തെത്തിയത്. അതിരപ്പിള്ളി എൽഡിഎഫിന്‍റെ അജൻഡയിലില്ലെന്ന് തുറന്നടിച്ച കാനം രാജേന്ദ്രൻ ആഗ്രഹങ്ങൾക്ക് പരിധിയില്ലെന്ന് എം എം മണിയെ പരിഹസിച്ചു.

അതിനിടെ അതിരപ്പിള്ളി പദ്ധതിക്ക് എന്‍.ഒ.സി നല്‍കിയ ഫയലില്‍ ഒപ്പിട്ടത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് തെളിഞ്ഞു. ഏപ്രില്‍ 18നാണ് മുഖ്യമന്ത്രി കെഎസ്ഇബിക്ക് എന്‍.ഒ.സി അനുവദിച്ച് ഫയലില്‍ ഒപ്പിട്ടത്. ഇതോടെ ഇടതുമുന്നണിയെ മറികടന്നാണ് ഫയല്‍ നീക്കമെന്ന് വ്യക്തമാകുകയാണ്.