അധികൃതരുടെ നിർദ്ദേശങ്ങൾ പാലിക്കാതെ റിസോർട്ടുകള്‍; അതിരപ്പിള്ളിയിൽ നിയന്ത്രണങ്ങൾ കർശനമാക്കി

കൊവിഡ് കാലത്തും വിനോദ സഞ്ചാരികളെത്തുന്ന സാഹചര്യത്തിൽ അതിരപ്പിള്ളിയിൽ നിയന്ത്രണങ്ങൾ കർശനമാക്കി. സഞ്ചാരികളെ നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി പ്ലാന്‍റേഷൻ ചെക്ക് പോസ്റ്റ് അടക്കമുള്ള സ്ഥലങ്ങളിൽ പരിശോധന കർശനമാക്കും. അതേസമയം വാഹന സഞ്ചാരം കുറവായതിനാൽ വന്യമൃഗങ്ങൾ വഴിയിലേക്ക് ഇറങ്ങി തുടങ്ങി.

അതിരപ്പിള്ളിയും തുമ്പൂർമുഴിയും അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിലും ഇവിടത്തെ റിസോർട്ടുകളിൽ താമസക്കാർ എത്തുന്നുണ്ട്. ഇവർ കണ്ടെയ്ൻമെന്‍റ് സോണുകളിൽ നിന്നല്ല വരുന്നതെന്ന് ഉറപ്പുവരുത്തും. താമസിക്കാൻ എത്തുന്നവരുടെ വാഹന നമ്പറടക്കമുള്ള വിവരങ്ങൾ റിസോർട്ട് ഉടമകൾ പോലീസിന് കൈമാറണം. താമസം അനുവദിച്ചാലും പുറത്തിറങ്ങി നടക്കാനുള്ള അനുമതി എത്തുന്നവർക്ക് ഉണ്ടായിരിക്കില്ല. പുഴയിൽ ഇറങ്ങുന്നതിനും കുളിക്കുന്നതിനും വിലക്കുണ്ട്. 70 റിസോട്ടുകളാണ് അതിരപ്പിള്ളി പരിധിയിൽ വരുന്നത്. ഇതിൽ രണ്ടു റിസോർട്ടുകൾ അധികൃതരുടെ നിർദ്ദേശങ്ങൾ പാലിക്കാതെ സഞ്ചാരികളെ താമസിപ്പിച്ച സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ കർശനമാക്കുന്നത്.

വൈകുന്നേരങ്ങളിൽ വിവിധ സ്ഥലങ്ങളിൽ നിന്ന് സഞ്ചാരികളെത്തി ആൾക്കൂട്ടമാകുന്ന സ്ഥിതിയാണുള്ളത്. സഞ്ചാരികളെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പ്ലാന്റേഷൻ ചെക്ക് പോസ്റ്റ് അടക്കമുള്ള സ്ഥലങ്ങളിൽ പരിശോധന കർശനമാക്കും.
പാൽ, പച്ചക്കറി, ഗ്യാസ് തുടങ്ങിയ അവശ്യ സർവ്വീസുകൾ മാത്രമാണ് മലക്കാപ്പറയടക്കമുള്ള ചെക്ക് പോസ്റ്റുകളിലൂടെ ഇപ്പോൾ അനുവദിക്കുന്നത്. അതേസമയം വാഹനങ്ങളുടെ ശല്യം ഇല്ലാത്തതിനാൽ അതിരപ്പിള്ളിയിലേക്കുള്ള വഴികളിൽ വന്യ മൃഗങ്ങൾ വിഹരിക്കുകയാണ്.

Comments (0)
Add Comment