സിയാന്‍ജുർ/ഇന്തോനേഷ്യ: ജാവ ദ്വീപില്‍ ശക്തമായ ഭൂചലനം. റിക്ടർ സെകെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 46 പേര്‍ മരിച്ചതായി റിപ്പോർട്ടുകള്‍. നിരവധി വീടുകള്‍ തകരുകയും ഒട്ടേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല.
പടിഞ്ഞാറന്‍ ജാവ പ്രവിശ്യയിലെ സിയാന്‍ജുര്‍ മേഖലയില്‍ പ്രാദേശിക സമയം ഉച്ചയ്ക്ക് 1.21 ഓടെയാണ് ഭൂചലനമുണ്ടായത്. ജക്കാര്‍ത്തയില്‍ നിന്ന് 75 കിലോമീറ്റര്‍ തെക്കുകിഴക്കായാണ് സിയാന്‍ജുര്‍. ഇവിടെ കരയില്‍ 10 കിലോമീറ്റര്‍ (6.2 മൈല്‍) ആഴത്തിലാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രമെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വേയും ഇന്തോനേഷ്യന്‍ വെതര്‍ ആന്‍ഡ് ജിയോഫിസിക്സ് ഏജന്‍സിയും (ബിഎംകെജി) അറിയിച്ചു.
ഭൂചലനത്തെ തുടര്‍ന്ന് സിയാന്‍ജുരിന് ചുറ്റും നിരവധി പ്രദേശങ്ങളില്‍ മണ്ണിടിച്ചിലുണ്ടായതായും റിപ്പോർട്ടുണ്ട്. ഒരു ഇസ്ലാമിക് ബോര്‍ഡിങ് സ്‌കൂള്‍, ഒരു ആശുപത്രി എന്നിവയുള്‍പ്പെടെ നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ജക്കാര്‍ത്തയിലെ ഉയര്‍ന്ന കെട്ടിടങ്ങളില്‍നിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. ആളപായത്തെയും നാശനഷ്ടങ്ങളെയും കുറിച്ചുള്ള വിവരങ്ങള്‍ ഇപ്പോഴും ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്നു ദുരന്ത നിവാരണ ഏജന്‍സി പ്രസ്താവനയില്‍ പറഞ്ഞു.
27 കോടിയിലേറെ ജനങ്ങളുള്ള ഇന്ത്യനേഷ്യയില്‍ ഭൂകമ്പങ്ങളും അഗ്‌നിപര്‍വത സ്‌ഫോടനങ്ങളും സുനാമികളും സാധാരണമാണ്. കഴിഞ്ഞ ഫെബ്രുവരിയില്‍ പടിഞ്ഞാറന്‍ സുമാത്ര പ്രവിശ്യയിലുണ്ടായ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 25 പേര്‍ കൊല്ലപ്പെടുകയും 460 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 2021 ജനുവരിയില്‍, പടിഞ്ഞാറന്‍ സുലവേസി പ്രവിശ്യയില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ നൂറിലലധികം ആളുകള്‍ കൊല്ലപ്പെടുകയും 6,500 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 2004ല്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലുണ്ടായ ശക്തമായ ഭൂകമ്പത്തിലും സുനാമിയിലും ഒരു ഡസന്‍ രാജ്യങ്ങളിലായി ഏകദേശം 2,30,000 പേരാണ് മരിച്ചത്. അന്ന് ഏറെ മരണമുണ്ടായത് ഇന്തോനേഷ്യയിലായിരുന്നു.