പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിൽ ബോംബ് സ്ഫോടനത്തില്‍ 34 പേർ കൊല്ലപ്പെട്ടു


പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിൽ റോഡരികിൽ ബോംബ് പൊട്ടിത്തെറിച്ച് ബസ് യാത്രക്കാരായ 34 പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. 17 പേർക്ക് പരിക്കേറ്റു. മരണസംഖ്യ ഉയർന്നേക്കുമെന്നാണ് സൂചന.

കാന്തഹാർ-ഹെറാത് ഹൈവേയിലാണ് ബസ് പൊട്ടിത്തെറിച്ചത്. നാറ്റോ-അഫ്ഗാൻ സൈനികരെ ലക്ഷ്യമിട്ടു നടന്ന ആക്രമണത്തിന്‍റെ പിന്നിൽ താലിബാൻ ആണെന്ന് ഫറാ പ്രവിശ്യ വക്താവ് മുഹിബ്ബുല്ല മുഹിബ്ബ് ആരോപിച്ചു. എന്നാൽ, താലിബാൻ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ് വ്യക്തമാക്കി.

ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭീകരർക്കും സ്വാധീനമുള്ള മേഖലയാണിത്. രാജ്യത്ത് തദ്ദേശവാസികൾ കൊല്ലപ്പെടുന്നത് ഒഴിവാക്കാൻ താലിബാനും അഫ്ഗാൻ പ്രതിനിധികളും ദോഹയിൽ നടന്ന ചർച്ചയിൽ തീരുമാനത്തിലെത്തിയിരുന്നു. 18 വർഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ അഫ്ഗാനിൽ വീണ്ടും രക്തരൂഷിത ആക്രമണങ്ങൾ നടക്കുന്നത് ഞെട്ടിപ്പിക്കുന്നതാണെന്ന് യു.എൻ അപലപിച്ചു. കഴിഞ്ഞ ദിവസം കാന്തഹാർ പ്രവിശ്യയിലെ തിരക്കേറിയ മാർക്കറ്റിലുണ്ടായ സ്ഫോടനത്തിൽ മൂന്നു കുട്ടികൾ കൊല്ലപ്പെടുകയും 23 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Afghan Highway Blast
Comments (0)
Add Comment